ദേശീയം

രൗദ്രതാണ്ഡവമാടി 'ഫോനി' ; ആറു മരണം ; വന്‍നാശനഷ്ടം ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍, രാത്രി ബംഗാള്‍ തീരത്തെത്തും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ഒഡീഷ തീരത്ത് കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയാണ്. ചുഴലിക്കാറ്റില്‍ ഇതുവരെ ആറുപേര്‍ മരിച്ചു. കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് പുരിയില്‍ വെള്ളപ്പൊക്കമുണ്ടായി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. റോഡ്-റെയില്‍ ഗതാഗതവും തടസ്സപ്പെട്ടു. 

ഫോനി പൂര്‍ണമായും കരയിലെത്തിയതോടെ ഇതിന്റെ തീവ്രത കുറഞ്ഞതായാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഇപ്പോള്‍ വേഗം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലാക്രമണവും രൂക്ഷമായി. തിരമാലകള്‍ 20 അടിവരെ ഉയരാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി വീടുകള്‍ വെള്ളത്തിലായി. 

വടക്കു-കിഴക്കന്‍ ദിശയില്‍ നീങ്ങുന്ന ചുഴലിക്കാറ്റ് രാത്രിയോടെ ബംഗാളിലെത്തും. തീരമേഖലയായ ഖരഗ്പൂരിലാകും ഫോനി ബംഗാളില്‍ കരതൊടുകയെന്നാണ് റിപ്പോര്‍ട്ട്. ഖരഗ്പൂരില്‍ തമ്പടിച്ച് മുഖ്യമന്ത്രി മമതബാനര്‍ജി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഉള്‍പ്പെടെ 223 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ഭുവനേശ്വര്‍-കൊല്‍ക്കത്ത വിമാനത്താവളങ്ങളും അടച്ചു. 

കൊച്ചുവേളി-ഗുവാഹത്തി, തിരുവനന്തപുരം-സില്‍ചാര്‍ വീക്ക്‌ലി എക്‌സ്പ്രസ്, പാറ്റ്‌ന-എറണാകുളം വീക്ക്‌ലി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയതിലുള്ളത്. വിശാഖപട്ടണത്തും സമീപപ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവര്‍ക്കായി മുംബൈയിലേക്ക് പ്രത്യേക ട്രെയിന്‍ റെയില്‍വേ ഓടിക്കും. വിശാഖപട്ടണത്തു നിന്നും രാത്രി 10.35 ന് കൊണാര്‍ക്ക് എക്‌സ് പ്രസ് പുറപ്പെടും. യാത്രക്കാര്‍ പരമാവധി ഈ സൗകര്യം വിനിയോഗിക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. 

രാവിലെ എട്ടുമണിയോടെയാണ് ചുഴലിക്കാറ്റ് പുരി തീരം തൊട്ടത്. കനത്ത മഴയില്‍ പുരിയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ 13 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗ്രാമീണ മേഖലകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ആന്ധ്രയിലെ ശ്രീകാകുളത്തും കനത്ത മഴയില്‍ നദികള്‍ കരകവിഞ്ഞു. ബഹുദാ നദി കരകവിഞ്ഞ് ഒഴുകുകയാണ്. ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വന്‍ നാശനഷ്ടം ഉണ്ടായി. 

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പ്രഖ്യാപിച്ചു. 1939 ആണ് നമ്പര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 1086 കോടി അനുവദിച്ചു. നേവി, കോസ്റ്റ്ഗാര്‍ഡ്, ദുരന്തനിവാരണ സേന തുടങ്ങിയവയെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ നിന്നായി 11 ലക്ഷത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം