ദേശീയം

'അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ അരുത് ; കോടതിവിധി വിജയത്തിന്റെയും പരാജയത്തിന്റെയും കണ്ണിലൂടെ കാണരുത്' : മന്ത്രിമാര്‍ക്ക് മോദിയുടെ കര്‍ശന നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിര്‍ദേശം. കേസില്‍ സുപ്രിംകോടതി വിധി വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. രാജ്യത്ത് ഐക്യം നിലനിര്‍ത്തണം. മതസൗഹാര്‍ദം ശക്തമാക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി.

കോടതിവിധിയെ വിജയത്തിന്റെയും പരാജയത്തിന്റെയും വീക്ഷണ കോണിലൂടെ നോക്കിക്കാണരുതെന്നും മോദി ഓര്‍മിപ്പിച്ചു. കഴിഞ്ഞദിവസം വൈകിട്ട് നടന്ന സമ്പൂര്‍ണ മന്ത്രിസഭ യോഗത്തിലാണ് പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്. രാമക്ഷേത്ര വിഷയത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് ബിജെപി പ്രവര്‍ത്തകരോടും വക്താക്കളോടും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ മണ്ഡലങ്ങളില്‍ എത്തി ശാന്തമായ അന്തരീക്ഷം നിലനിര്‍ത്തണമെന്നും പാര്‍ട്ടി എംപിമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്കും മോദി നിര്‍ദേശം നല്‍കിയത്.

നവംബര്‍ 17 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിരമിക്കുന്നതിനാല്‍ അതിന് മുന്‍പായി അയോധ്യ കേസിലെ വിധി വരും. നേരത്തെ അയോധ്യയിലെ തര്‍ക്കഭൂമിയെക്കുറിച്ച് 2010 ല്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും വിള്ളലുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തടഞ്ഞത് എങ്ങനെയെന്ന് 'മാന്‍ കി ബാത്ത് 'റേഡിയോ പ്രോഗ്രാമില്‍, പ്രധാനമന്ത്രി അനുസ്മരിച്ചിരുന്നു.

ഒരു ഏകീകൃത ശബ്ദത്തിന് രാജ്യത്തെ എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു അതെന്നും മോദി അനുസ്മരിച്ചിരുന്നു. നേരത്തെ ബി.ജെ.പിയും വിധിയുടെ പശ്ചാത്തലത്തില്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. അയോധ്യ കേസ് വിധിയില്‍ അനാവശ്യ പ്രതികരണങ്ങളോ പ്രകോപനങ്ങളോ പാടില്ലെന്ന് ആര്‍എസ്എസും വിവിധ മുസ്ലിം സാമുദായിക നേതാക്കളും അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ