ദേശീയം

പിന്തുണക്കണമെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കണം; സേനയ്ക്ക് മുന്നില്‍ ഉപാധികള്‍വെച്ച് എന്‍സിപി, കോണ്‍ഗ്രസ് നിരീക്ഷകര്‍ മഹാരാഷ്ട്രയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയെ ഗവര്‍ണര്‍ ക്ഷണിച്ച സാഹചര്യത്തില്‍ നിര്‍ണായക നീക്കങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സര്‍ക്കാരുണ്ടാക്കാന്‍ സഹകരിക്കരിക്കുന്ന കാര്യത്തില്‍ ശിവസേനയ്ക്ക് മുന്നില്‍ എന്‍സിപി ഉപാധികള്‍വെച്ചു. എന്‍ഡിഎ സഖ്യം പൂര്‍ണമായി ഉപേക്ഷിക്കണമെന്നും കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു.

ശിവസേനയുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള ചര്‍ച്ചയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍സിപിയും കോണ്‍ഗ്രസും ചേര്‍ന്നായിരിക്കും വിഷയത്തില്‍ അവസാന തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ 12ന് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒറ്റദിവസത്തെ സമയമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശിവസേനയ്ക്ക് നല്‍കിയിരിക്കുന്നത്. ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കി ബിജെപി കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ രണ്ടാമത്തെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്.

സര്‍ക്കാരുണ്ടാക്കുന്ന വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തുടരുകയാണെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാനും ഉചിതമായ തീരുമാനമെടുക്കാനും രണ്ട് നിരീക്ഷകരെ എഐസിസി മഹാരാഷ്ട്രയിലേക്ക് അയക്കും.

നേരത്തെ, ജയ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, തങ്ങള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് പറഞ്ഞിരുന്നു. ശിവസേനയുമായി ചേര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ നാശമായിരിക്കും ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

 'കോണ്‍ഗ്രസ്എന്‍സിപി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തും എന്നത് ഭാവന മാത്രമാണ്. ഭാവന യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ശിവസേനയെ കൂടെക്കൂട്ടാതെ സാധിക്കില്ല. പക്ഷേ ശിവസേനയുടെ പിന്തുണ സ്വീകരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന്റെ നാശമായിരിക്കും' അദ്ദേഹം പറഞ്ഞു.

'ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ അത് കോണ്‍ഗ്രസിന് പരിമിത കാലത്തേക്കുള്ള നേട്ടം മാത്രമേ തരുള്ളു. സേനയുമായി സഖ്യമുണ്ടാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളെ നഷ്ടമാകും. മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ഭരണം വരുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് ഭയപ്പെടേണ്ടതില്ല. അതിനെപ്പറ്റി ഭയക്കേണ്ടത് ബിജെപിയും ശിവസേനയുമാണ്. ചാക്കിട്ടു പിടുത്തത്തില്‍ നിന്ന് നമ്മുടെ എംഎല്‍എമാരെ സംരക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത'്.അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ഭൂരിപക്ഷമില്ലാതെ മുന്നോട്ടുപോകേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചത്.

പാര്‍ട്ടി നിലപാട് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ അറിയിച്ചു. ശിവസേനയുമായുള്ള സഖ്യം ബിജെപി അവസാനിപ്പിച്ചു. സഖ്യമായി മത്സരിച്ച ശേഷം ശിവസേന പിന്നില്‍ നിന്ന് കുത്തിയെന്ന് ബിജെപി ആരോപിച്ചു. പ്രതിക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്ത സാചര്യത്തിലാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളില്‍ നിന്ന് പിന്‍മാറുന്നത്. തിങ്കളാഴ്ച രാത്രി എട്ടുമണിവരെയായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഗവര്‍ണര്‍ സമയം അനുവദിച്ചിരുന്നത്.

അവകാശപ്പെടുന്ന അംഗബലമുണ്ടെങ്കില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി ശിവസേനയെ വെല്ലുവിളിച്ചു. ജനഹിതം അവഗണിച്ച് കോണ്‍ഗ്രസിനും എന്‍സിപിക്കും ഒപ്പം സര്‍ക്കാര്‍ രൂപീകരിക്കാനാണ് ശിവസേനയുടെ നീക്കമെങ്കില്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് ബിജെപി നേതാ്വ് ചന്ദ്രകാന്ത് പാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സഖ്യകക്ഷിയായ ശിവസേന രംഗത്ത് വന്നിരുന്നു. 5050ഫോര്‍മുലയില്‍ ഉറച്ചുനിന്ന ശിവസേനയെ നിലപാടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും വഴങ്ങിയില്ല. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഒഴിവാക്കി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കിയാല്‍ സഹകരിക്കാമെന്ന ശിവസേനയുടെ നിലപാട് ബിജെപി അംഗീകരിച്ചില്ല.

ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമം നടത്തുന്നു എന്ന് ആരോപിച്ച് ശിവസേന എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഒക്ടോബര്‍ 21ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105സീറ്റാണ് ലഭിച്ചത്. ശിവസേന 56സീറ്റിലും വിജയിച്ചു. എന്‍സിപി 54, കോണ്‍ഗ്രസ് 44 എന്നിങ്ങനെയാണ് പ്രതിപക്ഷത്തിന്റെ അംഗബലം. 288സീറ്റുകളുള്ള സഭയില്‍ 145സീറ്റുകളാണ് കേവലഭൂരിപക്ഷം ലഭിക്കാന്‍ വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി