ദേശീയം

2.77 ഏക്കര്‍ അല്ല, ക്ഷേത്ര നിര്‍മാണത്തിനായി കൈമാറുന്നത് 30 സെന്റ് ഭൂമി; അയോധ്യ വിധിയില്‍ വ്യക്തത

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ഇടംപിടിച്ച വിധിയിലൂടെ അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിനായി സുപ്രീം കോടതി ഹിന്ദുക്കള്‍ക്കു കൈമാറിയത് 0.3 ഏക്കര്‍ (ഏകദേശം മുപ്പതു സെന്റ്) ഭൂമി. മുപ്പതു സെന്റ് ഭൂമിയായിരുന്നു കാലങ്ങളുള്ള നിയമ പോരാട്ടത്തിലെ തര്‍ക്കത്തിന്റെ കേന്ദ്ര ബിന്ദു. 2.77 ഏക്കര്‍ ഭൂമി കൈമാറാനാണ് വിധിയെന്നത് തെറ്റായ വിവരമാണെന്നാണ് വിധിന്യായം വ്യക്തമാക്കുന്നത്.

അയോധ്യയിലെ 1500 ചതുരശ്ര വാര ഭൂമിയെച്ചൊല്ലി രണ്ടു മത വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലുള്ള അപ്പീല്‍ എന്ന വാക്കുകളോടെയാണ് സുപ്രീം കോടതിയുടെ 1045 പേജു വരുന്ന വിധിന്യായം തുടങ്ങുന്നത്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം (0.3 ഏക്കര്‍) സംബന്ധിച്ചാണ് കോടതി തീര്‍പ്പു കല്‍പ്പിക്കുന്നതെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മുപ്പതു സെന്റ് ഭൂമിയിലാണ് ഉള്‍മുറ്റവും സീതാ കി രസോയിയും രാം കാ ചബൂത്രയും സ്ഥിതി ചെയ്യുന്നത്. ഈ ഭൂമിയാണ് ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റിന് കൈമാറാന്‍ കോടതി ഉത്തരവിട്ടിട്ടുള്ളത്. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി കൈമാറാനാണ് ഉത്തരവെന്നത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്ന് അഭിഭാഷകരും പറയുന്നു. വാസ്തവത്തില്‍ മുപ്പതു സെന്റ് ഭൂമി മൂന്നായി പകുത്തു നല്‍കായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. ഇതിനെയായിരുന്നു അപ്പീലുകള്‍. കോടതിയില്‍ നടന്ന വാദപ്രദിവാദങ്ങളെല്ലാം ഈ ഭൂമിയെക്കുറിച്ചാണെന്ന് അഭിഭാഷകര്‍ പറയുന്നു.

1991ല്‍ തീര്‍ഥാടകര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ അന്നത്തെ കല്യാണ്‍ സിങ് സര്‍ക്കാര്‍ 2.77 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതാവാം പിന്നീടു വന്ന റിപ്പോര്‍ട്ടുകളില്‍ ആ അളവു പരാമര്‍ശിക്കാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഏറ്റെടുത്ത ഭൂമിയില്‍ 0.3 ഏക്കര്‍ കൈമാറുമ്പോള്‍ ശേഷിച്ച 2.47 ഏക്കറിന് എന്തു സംഭവിക്കും എന്ന ചോദ്യം ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ പുതുതായി സ്ഥാപിക്കപ്പെടുന്ന ട്രസ്റ്റ് തീരുമാനമെടുക്കുമെന്ന പ്രതീക്ഷയാണ് അവര്‍ പങ്കു വയ്ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി