ദേശീയം

തെലങ്കാന എംഎല്‍എയുടെ പൗരത്വം റദ്ദാക്കി; പൊതുജന നന്മ കണക്കിലെടുത്ത് ഇതാണ് ഉചിതമെന്ന് കേന്ദ്രസര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ രമേശ് ചെന്നാമനേനിയുടെ പൗരത്വം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. തട്ടിപ്പിലൂടെയാണ് എംഎല്‍എ ഇന്ത്യന്‍ പൗരത്വം കരസ്ഥമാക്കിയതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കാന്‍ തെറ്റായ വസ്തുതകളാണ് എംഎല്‍എ സമര്‍പ്പിച്ചിരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. പൗരത്വം വീണ്ടെടുക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നാമനേനി അറിയിച്ചു.

മൂന്ന് തവണയായി വെമുലവാദ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് രമേശ്. ജര്‍മന്‍ പൗരനാണെന്നും ചട്ടലംഘനം നടത്തിയാണ് ഇന്ത്യന്‍ പൗരത്വം നേടിയതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവിന്റെ അനന്തരവന്‍ കൂടിയാണ് ഇദ്ദേഹം.

ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുന്‍പുളള ഒരു വര്‍ഷ കാലയളവില്‍ വിദേശത്ത് പോയിരുന്നു എന്ന കാര്യം മറച്ചുവെച്ചുവെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ഇത് പൗരത്വം നല്‍കുന്നതിന് എതിരാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടി.പൊതുജന നന്മ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരനായി ചെന്നാമനേനി തുടരുന്നത് ശുഭകരമല്ല എന്ന് ഉത്തരവില്‍ പറയുന്നു.2009ല്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ എംഎല്‍എയ്ക്ക് സാധിച്ചില്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

പൗരത്വ ചട്ടപ്രകാരം ഒരാള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് ചുരുങ്ങിയത് 12 മാസമെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. ചട്ടലംഘനം ഉന്നയിച്ച് രമേശിനെതിരെ മത്സരിച്ച ആദി ശ്രീനിവാസ് എന്ന പ്രാദേശിക നേതാവ് ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുകയായിരുന്നു.

രമേശ് ഇപ്പോഴും ജര്‍മന്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചിട്ടുണ്ടെന്നും  പൗരത്വം ലഭിക്കുന്നതിനുള്ള 12 മാസം ഇന്ത്യയിലുണ്ടായിരിക്കണമെന്ന ചട്ടം ലംഘിച്ചെന്നുമായിരുന്നു പരാതി നല്‍കിയത്. നിശ്ചിത കാലയളവിനുള്ളില്‍ തന്നെ എംഎല്‍എ ജര്‍മനിയില്‍ പോയെന്നും പരാതിയിലുണ്ടായിരുന്നു.

ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് 2017ല്‍ ഇയാളുടെ പൗരത്വം റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇത് സ്‌റ്റേ ചെയ്യുകയും ആഭ്യന്തര മന്ത്രാലയം നടപടി പുനഃപരിശോധനക്ക് വിടുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിച്ച് മൂന്നാം തവണയും അദ്ദേഹം നിയമസഭാംഗമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി

ഏതെങ്കിലും ഒന്ന് പോരാ! എണ്ണകളുടെ ​ഗുണവും സ്വഭാവും അറിഞ്ഞ് ഭക്ഷണം തയ്യാറാക്കാം

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു