ചെന്നൈ: തെന്നിന്ത്യന്‍ നടി നമിത ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു നമിതയുടെ പാര്‍ട്ടി പ്രവേശനം. മുന്‍ കേന്ദ്രമന്ത്രിയും തമിഴ്നാട്ടിലെ മുതിര്‍ന്ന ബിജെപി നേതാവുമായ പൊന്‍ രാധാകൃഷ്ണനുള്പ്പടെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഏറെനാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന നമിതയുടെ മേക്കോവര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. യോഗയും വര്‍ക്കൗട്ടും ശീലമാക്കി ശരീരഭാരം കുറച്ചിരിക്കുകയാണ് നമിത.
പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നമിതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊട്ട് എന്ന തമിഴ്ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. വിവാഹത്തിന് ശേഷം കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം.
2017 ലായിരുന്നു നമിതയുടെ വിവാഹം. നടന് വീരയാണ് ഭര്‍ത്താവ്. ബിഗ് ബോസ് ആദ്യ സീസണില്‍ താരം പങ്കെടുത്തിരുന്നു. ഷോയില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ