ദേശീയം

ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ വസതിയില്‍ സന്ദര്‍ശിച്ച് നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ; കശ്മീരി ജനത 'സന്തോഷവാന്മാ'രെന്ന് കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍ : കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ടുതടങ്കലിലായ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ശ്രീനഗറിലെ വീട്ടിലെത്തി സന്ദര്‍ശിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു പ്രവിശ്യാ അധ്യക്ഷന്‍ ദേവേന്ദര്‍ സിങ് റാണയുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘമാണ് ഫാറൂഖ് അബ്ദുള്ളയെയും മകന്‍ ഒമര്‍ അബ്ദുള്ളയെയും സന്ദര്‍ശിച്ചത്. ഗവര്‍ണര്‍ സത്യപാല്‍ മാലിക് കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. 

കശ്മീരിന്റെ നിലവിലെ സാഹചര്യത്തില്‍ നേതാക്കള്‍ ഏറെ ദുഃഖത്തിലാണെന്നു കൂടിക്കാഴ്ചയ്ക്കുശേഷം നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവേന്ദര്‍ റാണ പ്രതികരിച്ചു. ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ല. നേതാക്കള്‍ പുറത്തിറങ്ങിയാലുടന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് അഞ്ചിനു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനു മുന്‍പാണ് ഇരുവരെയും കരുതല്‍ തടങ്കലിലാക്കിയത്. 

ഫറൂഖ് അബ്ദുല്ല ശ്രീനഗറിലെ വീട്ടില്‍ കരുതല്‍ കടങ്കലിലാണ്. ഒമര്‍ അബ്ദുല്ലയെ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം സര്‍ക്കാരിന്റെ അതിഥി മന്ദിരത്തിലാണ് കരുതല്‍ തടങ്കലിലിട്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും വീട്ടുതടങ്കലിലാണ്. കശ്മീരില്‍ തുടര്‍ച്ചയായ 63-ാം ദിവസവും ജനജീവിതം സാധാരണ നിലയിലായിട്ടില്ല. പ്രധാന മാര്‍ക്കറ്റുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. പൊതു ഗതാഗത സംവിധാനങ്ങളും സര്‍വീസ് സജീവമാക്കിയിട്ടില്ല. 

ഹന്ദ്‌വാര, കുപ്‌വാര എന്നിവിടങ്ങളിലൊഴികെ താഴ്‌വരയില്‍ മറ്റൊരിടത്തും ഇന്റര്‍നെറ്റ് സേവനവും പുനഃസ്ഥാപിച്ചിട്ടില്ല. കശ്മീരില്‍ എവിടെയും നിയന്ത്രണങ്ങളില്ലെന്നും എന്നാല്‍ ക്രമസമാധാനപാലനത്തിനു വേണ്ടി പലയിടത്തും സുരക്ഷാസേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനിടെ കശ്മീരിലെ ജീവിതം സാധാരണ നിലയിലാണെന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയതില്‍ അവിടത്തെ ജനങ്ങള്‍ സന്തോഷവാന്മാരാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കൊന്നും അവിടെ നിയന്ത്രണമില്ല. എല്ലാ പത്രങ്ങളും ഇപ്പോഴും അച്ചടിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി