ദേശീയം

ഓരോ കശ്മീര്‍ പൗരനെയും നെഞ്ചോട് ചേര്‍ത്തുപിടിക്കും, പുതിയ പറുദീസ സൃഷ്ടിക്കുമെന്ന് മോദി 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓരോ കശ്മീര്‍ പൗരനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് താഴ്‌വരയില്‍ പുതിയ പറുദീസ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരില്‍ അതിര്‍ത്തി കടന്ന് അക്രമസംഭവങ്ങള്‍ സൃഷ്ടിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുകയാണെന്ന് പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോദി ആഞ്ഞടിച്ചു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാസിക്കില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

'കശ്മീര്‍ ഇന്ത്യയുടേതാണ് എന്നാണ് എപ്പോഴും പറയുന്നത്. എന്നാല്‍ ഇപ്പാള്‍ പുതിയ ഒരു കശ്മീര്‍ സൃഷ്ടിക്കേണ്ടതുണ്ട്. പുതിയ കശ്മീര്‍ സൃഷ്ടിക്കുക എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയവും. വീണ്ടും കശ്മീരിനെ സ്വര്‍ഗമാക്കും'-  മോദി പറഞ്ഞു.

കശ്മീര്‍ ജനതയുടെ മുറിവുകള്‍ ഉണക്കേണ്ടതുണ്ട്. ഡല്‍ഹിയില്‍ നിന്നുമുണ്ടായ തെറ്റായ നയങ്ങളുടെ ഫലമായി കശ്മീര്‍ ജനത ഇരകളായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസിനെ പരോക്ഷമായി സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു. ഇവരോട് അനുഭാവപൂര്‍വ്വമായ ഇടപെടല്‍ ആവശ്യമാണെന്നും മോദി പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയത് രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ വേണ്ടിയാണ്. ജമ്മുകശ്മീരിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും നീണ്ടകാലം നിലനിന്നിരുന്ന അക്രമസംഭവങ്ങളുടെ അനുഭവങ്ങളാണ് പറയാനുളളത്. അവര്‍ക്ക് ഇപ്പോള്‍ വേണ്ടത് വികസനവും തൊഴില്‍ അവസരങ്ങളുമാണെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തെ വാഗ്ദാനം നല്‍കിയിരുന്ന കാര്യവും മോദി ഓര്‍മ്മിപ്പിച്ചു. കശ്മീര്‍ ജനതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞുവെന്ന് തനിക്ക് സംതൃപ്തിയോടെ പറയാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.

ഇന്ത്യയൊട്ടാകെ അതിര്‍ത്തി കടന്ന് അക്രമം നടത്താനുളള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു. കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനുളള ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ കശ്മീര്‍ ജനത അക്രമത്തിന്റെ പാതയില്‍ നിന്ന് മാറി നടക്കാനും വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു