ദേശീയം

'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ' ഗുജറാത്തിനേക്കാള്‍ കൂടുതല്‍ വിറ്റത് കേരളത്തില്‍; ഇന്ത്യന്‍ ഭാഷകളില്‍ മുന്നില്‍ മലയാളം

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മ സ്ഥലം ഗുജറാത്താണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പിന്തുടരുന്നത് മലയാളികളായിരിക്കുമെന്ന് പറയേണ്ടി വരും. മഹാത്മാ ഗാന്ധിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ' ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ടത് മലയാളത്തിലാണെന്ന് പുതിയ കണക്കുകള്‍ പറയുന്നു. 

പുസ്തകത്തിന്റെ മലയാള പരിഭാഷ 8.24 ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്. ഗുജറാത്തിയിലുള്ള പുസ്തകം 6.71 ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റു പോയിട്ടുള്ളത്. 

നിലവില്‍ ഏറ്റവും കൂടുതല്‍ കോപ്പികള്‍ വിറ്റഴിക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. 20.98 ലക്ഷം കോപ്പികള്‍. തമിഴില്‍ 7.35 ലക്ഷവും ഹിന്ദിയില്‍ 6.63 ലക്ഷവും കോപ്പികള്‍ ഇതുവരെ വില്‍ക്കപ്പെട്ടു.

'എന്റെ സത്യാന്വേഷണ പരീക്ഷണ കഥ' ഗുജറാത്തി ഭാഷയിലാണ് എഴുതപ്പെട്ടത്. 1927ലാണ് ഇത് പ്രസിദ്ധീകരിച്ചത്. മഹാത്മാ ഗാന്ധി തന്നെ സ്ഥാപിച്ച അഹമ്മദാബാദിലെ നവജീവന്‍ ട്രസ്റ്റാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 

കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള ഗാന്ധിയുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1925 മുതല്‍ 29 വരെ നവജീവനില്‍ ഇത് ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നു.

1927ല്‍ പുറത്തിറങ്ങിയ പുസ്തകം മലയാളത്തില്‍ ഇറങ്ങാന്‍ 70 വര്‍ഷങ്ങള്‍ കഴിയേണ്ടി വന്നു. 1997ലാണ് ആദ്യമായി ആത്മകഥ മലയാളത്തില്‍ ഇറങ്ങിയത്. 

ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിറ്റ് പോയത് മലയാള വിവര്‍ത്തനമാണെന്ന് നവജീവന്‍ ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റി വിവേക് ദേശായി വ്യക്തമാക്കി. കേരളത്തില്‍ ഒരു വായനാ സംസ്‌കാരമുണ്ട്. ഗുജറാത്തിലുമുണ്ട്. എന്നാല്‍ കേരളമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. സ്‌കൂളുകളിലും കോളജുകളിലുമെല്ലാം മഹാത്മാ ഗാന്ധിയുടെ ആത്മകഥ വലിയ തോതിലാണ് വില്‍ക്കപ്പെടുന്നത് അദ്ദേഹം പറഞ്ഞു. 

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി, അസാമീസ്, ഒഡിയ, മണിപ്പൂരി, പഞ്ചാബി, കന്നഡ, സംസ്‌കൃതം ഭാഷകളില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ ഡോഗ്രി, അസമിലെ ബോഡോ ഭാഷ എന്നിവയിലും പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി വിവേക് ദേശായി വ്യക്തമാക്കി. 1968ല്‍ ഡോഗ്രി ഭാഷയില്‍ പുസ്തകത്തിന്റെ 1000 കോപ്പി അച്ചടിച്ചിരുന്നു. പക്ഷേ പിന്നീട് ഡോഗ്രിയില്‍ പുറത്തിറക്കിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍