ദേശീയം

രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 42 ശതമാനവും യുവജനങ്ങള്‍; 58 പേരുടെ നില ഗുരുതരം, 24 മണിക്കൂറിനിടെ 601 പേര്‍ക്ക് കൊറോണ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 42 ശതമാനം പേരും യുവജനങ്ങളാണെന്ന് കേന്ദ്രസര്‍ക്കാര്‍. കൊറോണ വൈറസ് ബാധിതരില്‍ 42 ശതമാനം പേര്‍ 21- 40 പ്രായപരിധിയിലുളളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

33 ശതമാനം പേര്‍ 41-60 പ്രായപരിധിയിലുളളവരാണ്. 0-20 പ്രായപരിധിയിലുളള കുട്ടികളില്‍ കോവിഡ് രോഗം കുറവാണ്. കോവിഡ് രോഗബാധിതരില്‍ ഒന്‍പത് ശതമാനം പേര്‍ മാത്രമാണ് ഈ പ്രായപരിധിയിലുളളത്. 60 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ ഈ രോഗം കണ്ടെത്തിയാല്‍ ഗുരുതരമാകാനുളള സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഈ പ്രായപരിധിയിലുളളവര്‍ 17 ശതമാനമാണെന്നും ലാവ് അഗര്‍വാള്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് 2902 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുളളത്. 24 മണിക്കൂറിനിടെ പുതുതായി 601 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേ കാലയളവില്‍ 12 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി. ഇതോടെ മരണസംഖ്യ 68 ആയി. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 58 പേരുടെ നില ഗുരുതരമാണെന്നും 183 പേര്‍ക്ക് രോഗം ഭേദമായതായും ലാവ് അഗര്‍വാള്‍ പറഞ്ഞു.

കോവിഡ് ബാധിതരില്‍ 1023 പേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 17 സംസ്ഥാനങ്ങളില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുത്തവരിലാണ് രോഗം കണ്ടെത്തിയത്. മൊത്തം കോവിഡ് കേസുകളില്‍ 30 ശതമാനവും തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി  സമ്പര്‍ക്കം പുലര്‍ത്തിയവരുമായി 22,000 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം