ദേശീയം

ഡോക്ടര്‍മാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമം നിര്‍മ്മിക്കണം; കേന്ദ്രത്തിന് 'വൈറ്റ് അലര്‍ട്ട്' മുന്നറിയിപ്പുമായി ഐഎംഎ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി മുന്നോട്ടുപോകവേ, രാജ്യത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അതിക്രമങ്ങളില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെയുളള ആക്രമണങ്ങള്‍ തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമം നിര്‍മ്മിക്കാന്‍ തയ്യാറായില്ലെങ്കില്‍ വ്യാഴാഴ്ച കരിദിനം ആചരിക്കുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ തുടര്‍ന്നും നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമണങ്ങളുടെ നിരവധി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഇത് തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതാണ് ഐഎംഎയുടെ ആവശ്യം. സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുളള അസഭ്യവര്‍ഷവും ആക്രമണവും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. പ്രതിഷേധ സൂചകമായി ബുധനാഴ്ച രാത്രി ഒന്‍പത് മണിക്ക്് രാജ്യത്തെ എല്ലാ ഡോക്ടര്‍മാരും ആശുപത്രികളും മെഴുകുതിരി കത്തിക്കാന്‍ ഐഎംഎ ആഹ്വാനം ചെയ്തു. ജാഗ്രതയുടെയും പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'വൈറ്റ് അലര്‍ട്ടില്‍' എല്ലാ ആരോഗ്യപ്രവര്‍ത്തകരും പങ്കെടുക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.

വൈറ്റ് അലര്‍ട്ടിന് ശേഷവും ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വ്യാഴാഴ്ച കരിദിനം ആചരിക്കും. ഇതില്‍ എല്ലാ ഡോക്ടര്‍മാരും ആശുപത്രികളും പങ്കെടുക്കണമെന്നും ഐഎംഎ ആഹ്വാനം ചെയ്തു. അന്നേദിവസം കറുത്ത ബാഡ്ജ് ധരിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് എത്തണം. തുടര്‍ന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍