ദേശീയം

പുറത്ത് നിന്നുള്ള ആർക്കും പ്രവേശനമില്ല; പഴുതടച്ച് സുരക്ഷ; ആയോധ്യയിലെ ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: അയോധ്യയിൽ രാമ ക്ഷേത്രത്തിന്റെ ഭൂമി പൂജയ്ക്ക് ന​ഗരത്തിൽ പഴുതടച്ച സുരക്ഷ ഒരുക്കും. ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ. ഉത്തർപ്രദേശ് പൊലീസാണ് പഴുതടച്ച സുരക്ഷയൊരുക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമ ക്ഷേത്രത്തിന്റെ ശിലാ സ്ഥാപന കർമം നിർവഹിക്കുന്നത്. 

പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് അയോധ്യയിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് റേഞ്ച് ഡിഐജി ദീപക് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കുമെന്നും കോവിഡ് പോരാളികളുടെ സാന്നിധ്യം ചടങ്ങിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിശിഷ്ട വ്യക്തികളുടെ സഞ്ചാര പാതയിൽ ഡ്രോൺ നിരീക്ഷണം തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 

അയോധ്യയിൽ താമസിക്കുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ, കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്നേ ദിവസം ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് തനിക്ക് അഭ്യർഥിക്കാനുള്ളതെന്ന് ഡിഐജി പറഞ്ഞു. 

പുറത്തു നിന്ന് ആരെയും നഗരത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നഗരത്തിൽ അഞ്ചിൽ അധികം പേർ കൂട്ടം ചേരുന്നതും അനുവദിക്കില്ല. എന്നാൽ കടകൾ തുറക്കാൻ അനുവദിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനായിരിക്കും. കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും മറ്റ് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കി ഐസൊലേഷനിൽ പാർപ്പിക്കുകയും ചെയ്തിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാവും പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന വേദിക്ക് തൊട്ടടുത്ത് നിയോഗിക്കുക.

അയോധ്യയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് ഇതിനകം ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ശ്രീ രാം ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണ് ചടങ്ങിന്റെ സംഘാടകർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്