ദേശീയം

പ്രധാനമന്ത്രി വെള്ളിശില പാകി; അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കം ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അയോധ്യയിലെ രാമജന്മഭൂമിയിൽ പുതിയ രാമക്ഷേത്ര നിർമ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിട്ടു. 12.15 ന് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകൾ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പൂജാചടങ്ങുകളിൽ പൂർണമായും സംബന്ധിച്ചു. ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവതും ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മന്ത്രോച്ചാരണമുഖരിതമായ വേദിയിൽ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിർവഹിച്ചു. 

വെള്ളി ശില സ്ഥാപിച്ചാണ് ക്ഷേത്രനിര്‍മ്മാണത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്.  40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ മഹന്ദ് നൃത്യ ഗോപാൽ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

ഭൂമി പൂജ, ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാനായി അയോധ്യയിലെ സകേത് കോളേജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ആദ്യം ഹനുമാന്‍ഗഢി ക്ഷേത്രമാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. അവിടെ വെള്ളി കിരീടം സമര്‍പ്പിച്ച ശേഷം രാം ലല്ല വിഗ്രഹമുള്ള താൽക്കാലിക ക്ഷേത്രത്തിലും ദർശനം നടത്തി.

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രഭൂമിയിൽ പാരിജാതത്തൈ നട്ടു. ഇതിന് ശേഷമാണ് ഭൂമിപൂജ ചടങ്ങുകൾ ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, യു പി ​ഗവർണർ ആനന്ദി ബെൻ പട്ടേൽ, ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്, രാമജന്മഭൂമി തീർഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷൻ നൃത്യ ഗോപാൽദാസ് മഹാരാജ് എന്നിവരാണ് മോദിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തത്. 

173 ഓളം അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. ക്ഷണിതാക്കളിൽ 135 പേർ മതനേതാക്കളാണ്.  കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവർക്കും ഇരിപ്പിടമൊരുക്കിയിരുന്നത്. ഗംഗ, യമുന, കാവേരിയടക്കമുള്ള നദികളില്‍ നിന്നെത്തിക്കുന്ന വെള്ളവും, രണ്ടായിരം തീര്‍ത്ഥസ്ഥാനങ്ങളില്‍ നിന്നുള്ള മണ്ണും ഭൂമി പൂജയ്ക്ക് എത്തിച്ചിരുന്നു. പിന്നാലെ നടത്തുന്ന അഭിസംബോധനയില്‍ അയോധ്യ വികസന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കും. പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പ്രധാനമന്ത്രി പുറത്തിറക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍