ദേശീയം

കോവിഡ് പ്രതിരോധം പാളി; ലോക്ക്ഡൗണ്‍ നടപ്പാക്കിയത് യുക്തിരഹിതമായി, അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ സമിതിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാനായി വെള്ളിയാഴ്ചത്തേക്ക് മാറ്റി. 

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ആറുപേര്‍ ചേര്‍ന്നാണ് പെറ്റീഷന്‍ നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്. 

വൈറസ് പടരുന്നത് തടയുന്നതിനായി സമയബന്ധിതമായി ഇടപെടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിഷയത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ പറയുന്നു. 1952ലെ കമ്മീഷന്‍സ് ഓഫ് ഇന്‍ക്വയറി ആക്ട് പ്രകാരം അന്വേഷണ സമിതിയെ നിയമിക്കണമെന്നാണ് ആവശ്യം. 

മാര്‍ച്ച് 25 മുതല്‍ ആരംഭിച്ച രാജ്യവ്യാപകമായ ലോക്ക് ഡൗണും അത് നടപ്പിലാക്കിയ രീതിയും ജനതയുടെ ഉപജീവനമാര്‍ഗം, രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥ എന്നിവയില്‍ വിനാശകരമായ പ്രത്യാഘാതം സൃഷ്ടിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വിദഗ്ധരുമായോ സംസ്ഥാന സര്‍ക്കാരുകളുമായോ കൂടിയാലോചിക്കാതെയെടുത്ത ഏകപക്ഷീയവും യുക്തിരഹിതവുമായ തീരുമാനമായിരുന്നു എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

ലോകത്തിലെ ഏറ്റവും കഠിനവും നിയന്ത്രിതവുമായ ലോക്ക്ഡൗണ്‍ ആയിരുന്നിട്ടും വൈറസിനെ പിടിച്ചുകെട്ടുന്നതില്‍ പരാജയപ്പെട്ടുവെന്ന് കുടിയേറ്റ തൊഴിലാളികളുടെ ഗ്രാമങ്ങളിലേക്കുള്ള മടങ്ങിപ്പോക്കും വഴിയരികിലെ മരണങ്ങളും ചൂണ്ടിക്കാട്ടി ഹര്‍ജി പറയുന്നു. 

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതില്‍ ദേശീയ തലത്തില്‍ പദ്ധതി തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റും ആവശ്യത്തിന് പിപിഇ കിറ്റുകളും സുരക്ഷാ സംവിധാനങ്ങളും എത്തിക്കുന്നതിലും സര്‍ക്കാര്‍ വീഴ്ചവരുത്തി. ജനുവരിയില്‍ തന്നെ കോവിഡ് വ്യാപനത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടും അതിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴചവരുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്