ദേശീയം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് തടയിടാൻ യോ​ഗി സർക്കാർ ; പുതിയ വകുപ്പ് രൂപീകരിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ വകുപ്പ് രൂപവൽക്കരിക്കുന്നു.  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിന് അനുമതി നല്‍കിയതായി അദ്ദേഹത്തിന്റെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (എഡിജിപി) ആയിരിക്കും പുതിയ വകുപ്പിന്റെ തലവന്‍. 

നടപടി ക്രമങ്ങളെല്ലാം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പൊലീസിലെ വിവിധ വിഭാഗങ്ങളെയെല്ലാം പുതിയ വകുപ്പിന്റെ ഭാഗമാക്കും. 1090 ഹെല്‍പ്പ് ലൈനും പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലാവും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശം ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിങ്കളാഴ്ചയും രംഗത്തെത്തിയിരുന്നു. അസംഗഢ് ജില്ലയില്‍ ഗ്രാമമുഖ്യനെ വെടിവച്ചു കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാരിനെതിരെ രാഹുല്‍ വിമര്‍ശമുന്നയിച്ചത്. കാട്ടുനീതിയും, ജാതിയുടെ അടിസ്ഥാനത്തിലുള്ള അക്രമങ്ങളും ബലാത്സംഗങ്ങളും യുപിയില്‍ ഏറ്റവും ഉയര്‍ന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തിയാണ് യോഗി സര്‍ക്കാരിനെതിരെ പ്രിയങ്ക വിമര്‍ശമുന്നയിച്ചത്. ബുലന്ദ്‌ഷെര്‍, ഹാപുര്‍, ലഖിംപുര്‍ ഖേരി, ഗോരഖ്പുര്‍ എന്നിവിടങ്ങളില്‍ ആവര്‍ത്തിച്ച് നടക്കുന്ന സംഭവങ്ങള്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ യോഗി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണെന്ന് അവര്‍ ആരോപിച്ചിരുന്നു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാനോ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനോ പൊലീസിനോ ഭരണകൂടത്തിനോ കഴിയുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി