ദേശീയം

ബുറേവി ചുഴലിക്കാറ്റ്; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി; മുഖ്യമന്ത്രിയുമായി സംസാരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി/ തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സ്വീകരിച്ച മുന്‍കരുതലുകളെ കുറിച്ച് വിലയിരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ' കേരളത്തിലെ സ്ഥിഗതികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. കേരളത്തെ സഹായിക്കാന്‍  കേന്ദ്രത്തില്‍ നിന്ന് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പു നല്‍കി. ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു' എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

പ്രധാനമന്ത്രിയുമായി ആശയ വിനിമയം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കയ്ക്ക് കിഴക്കുനിന്നും സഞ്ചരിച്ച് തമിഴ്നാട്ടിലെ തൂത്തുക്കുടി, തിരുനെല്‍വേലി മേഖല വഴി വെള്ളിയാഴ്ചയോടെ തിരുവനന്തപുരം ഭാഗത്ത് എത്തുമെന്നാണ് വിദഗ്ദ്ധരുടെ അനുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബര്‍ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയാണ് കാണുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 3ാം തീയതി മുതല്‍ 5ാം തീയതി വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടല്‍ പ്രക്ഷുബ്ധമായിരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറില്‍ 60 കിലോമീറ്ററിനു മുകളില്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. എറണാകുളം, ഇടുക്കിയിലെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കി.മീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

ഡിസംബര്‍ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്.ഡിസംബര്‍ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍