ദേശീയം

'സിദ്ദിഖ് കാപ്പന്റെ യഥാര്‍ത്ഥ മുഖം മറച്ചുവയ്ക്കാന്‍ ശ്രമം'; കേരള പത്രപ്രവര്‍ത്തക യൂണിയന് എതിരെ യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി മറച്ചുവയ്ക്കാന്‍ കേരള പത്രപ്രവര്‍ത്ത യൂണിയന്‍ ശ്രമിക്കുന്നെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. സിദ്ദിഖ് കാപ്പനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിന് എതിരെ കെ യു ഡബ്ല്യു ജെ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് യുപി സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. 

സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച യുപി സര്‍ക്കാര്‍, മാധ്യമപ്രവര്‍ത്തകന്‍ എന്ന മറ ഉപയോഗിച്ച് കെ യു ഡബ്ല്യു ജെ സിദ്ദിഖ് കാപ്പന്റെ യഥാര്‍ത്ഥ ഐഡന്റിറ്റി മറയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നും ആരോപിച്ചു. 

ഹാഥ്‌രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സിദ്ദിഖ് കാപ്പനെയും മറ്റു മൂന്നുപേരെയും ഒക്ടോബര്‍ അഞ്ചിന് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. 

സിദ്ദിഖ് കാപ്പന്‍ ജോലി ചെയ്തിരുന്ന പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച മാധ്യമസ്ഥാപനമാണെന്നും ഒസാമ ബിന്‍ ലാദനെപ്പോലും രക്തസാക്ഷിയായി ചിത്രീകരിച്ചുവെന്നും യുപി സര്‍ക്കാര്‍ ആരോപിച്ചു. 

നവംബര്‍ 11ന് നടത്തിയ റെയ്ഡില്‍ സിദ്ദിഖ് കാപ്പന്റെ വീട്ടില്‍ പ്രധാനപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പല അവസരങ്ങളിലായി വന്ന തുകകള്‍ സംശയം വര്‍ദ്ധിപ്പിക്കുന്നതാണ്, ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും യുപി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ കെ യു ഡബ്ല്യു ജെയുടെ വാദം സുപ്രീംകോടതി ജനുവരി മൂന്നാംവാരം കേള്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി