ദേശീയം

ആദ്യം കോവിഡ് വാക്‌സിന്‍ വിതരണം;  അതിന് ശേഷം സിഎഎ: അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്സിനേഷന് ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

'സിഎഎ നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസ് മഹാമാരി കാരണം ഇത്രയും വലിയ പ്രചരണം നടത്താന്‍ കഴിയില്ല. വാക്സിനേഷന്‍ പ്രക്രിയ ആരംഭിച്ച് കൊറോണ വ്യാപനം അവസാനിച്ചതിന് ശേഷം ഞങ്ങള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യും' അമിത് ഷാ പറഞ്ഞു.

ബംഗാള്‍ സന്ദര്‍ശനത്തിനിടെ ബിജെപി ദേശീയ അധ്യക്ഷനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചതിനെ അപലപിക്കുന്നുവെന്ന് പറഞ്ഞ അമിത് ഷാ, ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ടെന്ന് ബിജെപി വിശ്വസിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

'ഇത്തരം ആക്രമണങ്ങളിലൂടെ ബിജെപിയെ അവസാനിപ്പിക്കാമെന്ന തെറ്റായ ധാരണയിലിരിക്കരുതെന്ന് തൃണമൂല്‍ നേതാക്കളോട് പറയാന്‍ ആഗ്രഹിക്കുന്നു. പശ്ചിമ ബംഗാളില്‍ താവളം സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. രാഷ്ട്രീയ അക്രമം ബംഗാളില്‍ അതിന്റെ മൂര്‍ധന്യാവസ്ഥയിലാണ്. മുന്നൂറിലധികം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മരണങ്ങളിലെ അന്വേഷണങ്ങളില്‍ പുരോഗതിയില്ല' അമിത് ഷാ പറഞ്ഞു.

നിങ്ങളെ പരാജയപ്പെടുത്താന്‍ ആരും ഡല്‍ഹിയില്‍ നിന്ന് വരേണ്ടതില്ലെന്ന് ഷാ മമതയോടായി പറഞ്ഞു. 'ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയാത്ത ഒരു രാജ്യം മമത ദീദിക്ക് ആവശ്യമുണ്ടോ? ഇത്തരം യാഥാസ്ഥിതിക ചിന്താഗതി ബംഗാളിലെ ജനങ്ങള്‍ അംഗീകരിക്കില്ല. ഫെഡറല്‍ ഘടനയ്ക്ക് വിരുദ്ധമായി ബംഗാളില്‍ ഒന്നും ഞങ്ങള്‍ ചെയ്തിട്ടില്ല' ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു