ദേശീയം

പൊലീസ് അനാവശ്യമായി ബാരിക്കേഡ് സ്ഥാപിച്ച് പ്രശ്‌നമുണ്ടാക്കി; ഷഹീന്‍ബാഗ് സമരം സമാധാനപരമെന്ന് മധ്യസ്ഥന്‍ സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഡല്‍ഹി ഷഹീന്‍ബാഗില്‍ നടന്നുവരുന്ന സമരം സമാധാനപരമാണെന്ന് സുപ്രീം കോടതി മധ്യസ്ഥന്റെ സത്യവാങ്മൂലം. അനാവശ്യമായി ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊലീസാണ് പ്രശ്‌നം സൃഷ്ടിച്ചത് എന്നാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയ വജാഹത് ഹബീബുള്ള സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് പാതകള്‍ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 'സമരം സമാധാനപരമാണ്. ഗതാഗത പ്രശ്‌നത്തിന് കാരണം പൊലീസാണ്. അനാവശ്യമായി അഞ്ച് ഇടങ്ങളില്‍ ബാരിക്കേഡ് തീര്‍ത്തിരിക്കുന്നു. ഈ റോഡുകള്‍ തുറന്നുകൊടുത്താല്‍ ഗതാഗത പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു'- വജാഹത് ഹബീബുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തണമെന്നും വജാഹത് ഹബീബുള്ള ശുപാര്‍ശ ചെയ്തു.

ഷഹീന്‍ബാഗിലെ സമരക്കാര്‍ റോഡ് ഗതാഗതം തടസപ്പെടുത്താതെ മറ്റൊരിടത്തേക്ക് മാറണമെന്ന നിര്‍ദ്ദേശം നേരത്തെ സുപ്രീം കോടതി മുന്നോട്ടുവച്ചിരുന്നു. ഇതുസംബന്ധിച്ച് സമരക്കാരുമായി സംസാരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. അഡ്വ. സാധനാ രാമചന്ദ്രന്‍, മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള എന്നിവരുടെ സഹായം അദ്ദേഹത്തിന് തേടാമെന്നും സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഷഹീന്‍ബാഗ് സന്ദര്‍ശിച്ചശേഷമാണ് വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുള്ളത്. സുപ്രീം കോടതി വിഷയം തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


ഷഹീന്‍ബാഗില്‍നിന്ന് പ്രക്ഷോഭകരെ നീക്കം ചെയ്യണമെന്നും ഗതാഗത തടസം നീക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്. സമാധാനപരമായും നിയമം പാലിച്ചും പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഗതഗാത തടസമുണ്ടായാല്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു