ദേശീയം

അവശരായി നിലത്ത് കിടക്കുന്ന മനുഷ്യര്‍, ലാത്തി കൊണ്ട് കുത്തി ജനഗണമന പാടിക്കുന്ന പൊലീസ്; ആസാദി വിളിക്കെടാ എന്ന് ആക്രോശം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കൊണ്ട് പൊലീസും അക്രമികളും ചേര്‍ന്ന് നിര്‍ബന്ധിച്ച് ജനഗണമന പാടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അക്രമത്തില്‍ പരിക്കേറ്റു കിടക്കുന്നവരെ ലാത്തി കൊണ്ട് കുത്തുന്ന പൊലീസിന്റെയും ജനഗണമന പാടിപ്പിക്കുന്നവരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.

ഇവരെ ജനഗണമന പാടിക്കുന്നതിനൊപ്പം പൊലീസ് തന്നെ വീഡിയോയും പകര്‍ത്തുന്നുണ്ട്. മര്‍ദനമേറ്റ് അവശരായവരെ വീണ്ടും ലാത്തി കൊണ്ട് കുത്തുന്നതും വീഡിയോയില്‍ കാണാം.

അതേസമയം,  വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ മരണം അഞ്ചായി.  സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുമുണ്ട്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇവര്‍ കല്ലെറിയുകയും വാഹനങ്ങള്‍ക്ക് തീവെക്കുകയും കടകള്‍ക്ക് തീയിടുകയുമായിരുന്നു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഡല്‍ഹി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത തലയോഗം വിളിച്ചിട്ടുണ്ട്.

ഭജന്‍പുര, മൗജ്പുര്‍,ജാഫറബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറിനിടെ ഡല്‍ഹിയിലുണ്ടാകുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലേക്ക് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പായിരുന്നു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. ഡല്‍ഹി മെട്രോയുടെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, ഗോകുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍ സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.മുഹമ്മദ് ഷാരൂഖ് എന്നയാളാണ് അറസ്റ്റിലായത്. സംഘര്‍ഷത്തിനിടെ ഇയാള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതായി ഡല്‍ഹി പൊലീസ് ആരോപിച്ചു. അതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ഡല്‍ഹി ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പരാതി നല്‍കി. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി