ദേശീയം

നിര്‍ഭയ കേസ് കുറ്റവാളികളെ 22ന് തൂക്കിലേറ്റും; മരണ വാറണ്ട് പുറപ്പെടുവിച്ചു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച നിര്‍ഭയ ബലാത്സംഗ, കൊലപാതക കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വധിശിക്ഷ ഈ മാസം 22ന് നടപ്പാക്കും. പ്രതികളായ നാലുപേര്‍ക്കും പാട്യാലാ ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചു. വധശിക്ഷ നീണ്ടുപോവുന്നതില്‍ ആശങ്ക അറിയിച്ച് നിര്‍ഭയയുടെ മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി നടപടി.

അക്ഷയ് സിങ്, പവന്‍ ഗുപ്ത, വിനയ് കുമാര്‍, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷ 22ന് രാവിലെ ഏഴു മണിക്ക് നടപ്പാക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ഉത്തരവിട്ടു. മരണവാറണ്ട് എത്രയും വേഗം പുറപ്പെടുവിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് നിര്‍ഭയയുടെ മാതാപിതാക്കള്‍ കോടതിയെ സമീപിച്ചത്. 

മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറ ഹര്‍ജിയില്‍ വിധി പറഞ്ഞത്. വിധി പ്രസ്താവത്തിനു മുമ്പ് തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളുമായി കോടതി വിഡിയോ കോണ്‍ഫറന്‍സിങ് വഴി ആശയ വിനിമയം നടത്തി. തങ്ങള്‍ക്കെതിരെ മാധ്യമ വിചാരണയാണ് നടക്കുന്നതെന്ന് പ്രതി മുകേഷ് പരാതിപ്പെട്ടു.

വധശിക്ഷ വിധിച്ച ഉത്തരവിനെതിരെ തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ മുകേഷും വിനയ് കുമാറും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി വൃന്ദാ ഗ്രോവര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനായി ചില രേഖകള്‍ കൂടി ആവശ്യമുണ്ടെന്നും അതുകൊണ്ടാണ് സമയം വൈകുന്നതെന്നും അവര്‍ അറിയിച്ചു. നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് കോടതി പ്രതികരിച്ചു. 

നിലവില്‍ ഒരു കോടതിയിലും പ്രതികളുടെ ഹര്‍ജികള്‍ പരിഗണനയില്‍ ഇല്ലെന്ന് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. തിരുത്തല്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നതിന്റെ പേരില്‍ മരണ വാറണ്ട് പുറപ്പെടുവിക്കുന്നത് നീട്ടിവയ്ക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ