ദേശീയം

ആരാവും ആദ്യം? വാക്‌സിന്‍ ഗവേഷണത്തില്‍ ഏഴ് ഇന്ത്യന്‍ കമ്പനികള്‍; ശുഭപ്രതീക്ഷ

സമകാലിക മലയാളം ഡെസ്ക്

ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്ന കൊറോണ വൈറസിനെതിരെയുള്ള വാക്സിൻ നിർമ്മിക്കാൻ ഏഴോളം ഇന്ത്യൻ മരുന്നു കമ്പനികളിൽ ​ഗവേഷണം തുടരുന്നു. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡസ് കാഡില, പനാസിയ ബയോടെക്, ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്, മിൻവാക്സ്, ബയോളജിക്കൽ ഇ എന്നിവയാണ് ആഗോള കമ്പനികൾക്കൊപ്പം ഗവേഷണം നടത്തുന്നത്.  മഹാമാരിയുടെ വ്യാപ്തി പരിഗണിച്ച് വാക്സിൻ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. 

വാക്സിൻ വിപണിയിലെത്താൻ വർഷങ്ങളുടെ ശ്രമങ്ങൾ വേണ്ടിവരുമെങ്കിലും കോവിഡ് ഇതിനോടകം 14 ദശലക്ഷത്തിലധികം ആളുകളെ ബാധിച്ചിരിക്കുന്നതിനാൽ മാസങ്ങൾക്കകം വാക്സിൻ നിർമ്മിക്കാനാണ് ​ഗവേഷകർ ശ്രമിക്കുന്നത്. ഭാരത് ബയോടെക്കിന് വാക്സിൻ പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ നടത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഹൈദരാബാദിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. കോവാക്സിൻ എന്ന പേരിൽ നിർമ്മിക്കുന്ന വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങി. ഐസിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്നാണു കമ്പനി വാക്സിൻ നിർമിക്കുന്നത്.

രാജ്യത്തെ പ്രമുഖ മരുന്ന് നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം അവസാനത്തോടെ വാക്സിൻ എത്തിക്കാനാകുമെന്നാണ് അവകാശപ്പെടുന്നത്.ബ്രിട്ടിഷ് കമ്പനിയായ ആസ്ട്രസെനക്കയുമായി ചേർന്നു ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ നിർമാണത്തിനുള്ള ശ്രമത്തിലാണു സ്ഥാപനം. യുഎസ് കമ്പനിയായ കോഡജെനിക്സുമായി ചേർന്നും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് സിഇഒ അഡാർ പൂനാവാല പറഞ്ഞു. 

ഏഴ് മാസത്തിനുള്ളിൽ സികോവ്-ഡി (ZyCoV-D) എന്ന വാക്സിന്റെ ക്ലിനിക്കൽ പരിശോധന പൂർത്തിയാക്കാൻ സാധിക്കുമെന്ന് സൈഡസ് കാഡില വക്താക്കൾ പറഞ്ഞു. പനാസിയ ബയോടെക് യുഎസിലെ റെഫാനയുമായി ചേർന്ന് അയർലൻഡിലാണു വാക്സിൻ പരീക്ഷണം നടത്തുന്നത്. അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കും. മിൻവാക്സ്, ബയോളജിക്കൽ ഇ തുടങ്ങിയ കമ്പനികളും വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം തുടരുകയാണ്. 

ലോകത്താകമാനമായി 140ഓളം വാക്സിൻ പരീക്ഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിൽ നിരവധിപ്പേർ മനുഷ്യരിൽ പരീക്ഷണം തുടങ്ങിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്