ദേശീയം

വീണ്ടും രാജ്യവ്യാപക ലോക്ക്ഡൗണ്‍ ?; പ്രധാനമന്ത്രിയുടെ യോഗം തിങ്കളാഴ്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി :  രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും. തിങ്കളാഴ്ച യോഗം ചേര്‍ന്നേക്കുമെന്നാണ് സൂചന. തുടര്‍ച്ചയായി രാജ്യത്ത് അരലക്ഷത്തിനടുത്ത് ആളുകള്‍ രോഗബാധിതരാകുന്നതും, മരണനിരക്ക് ക്രമാതീതമായി ഉയരുന്നതും പരിഗണിച്ച് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഭരണതലത്തില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം രാജ്യത്തെ സാമ്പത്തിക സ്ഥിതി തകരും എന്നതു ചൂണ്ടിക്കാട്ടി വ്യവസായ ലോകം ഇതിനെ എതിര്‍ക്കുന്നുണ്ട്. രാജ്യത്തെ നിലവിലെ സാഹചര്യം വിലയിരുത്തുന്ന പ്രധാനമന്ത്രി, ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. അണ്‍ലോക്ക് പ്രക്രിയ (അണ്‍ലോക്ക് 3.0) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയാകും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവരും വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള യോഗത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബിഹാര്‍, അസം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. തെലങ്കാന, ആന്ധ്ര, യുപി, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളോട് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു. 757 പേര്‍കൂടി മരിച്ചതോടെ മരണസംഖ്യ 31,358 ആയി. അതേ സമയം രാജ്യത്തെ രോഗമുക്തി നിരക്ക് 63.53 ശതമാനമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  

മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് രോഗവ്യാപനം വലിയതോതില്‍ ആശങ്കപ്പെടുത്തുന്നത്. തമിഴ്‌നാട്ടില്‍ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്തെത്തി. അമ്പതിനായിരത്തിലേറെ രോഗികളാണ് കര്‍ണ്ണാടകത്തില്‍ നിലവില്‍ ചികിത്സയിലുള്ളത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗബാധ കുറയുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, അസം, എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലാണ്. ഈ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കേന്ദ്രസംഘത്തെ അയച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്