ദേശീയം

അമ്മയുടെ ​ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിന് കോവിഡ്; രാജ്യത്ത് ആദ്യം

സമകാലിക മലയാളം ഡെസ്ക്

പുനെ: അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച്‌ ശിശുവിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. പുനെയിലെ സസൂൻ ജനറൽ ആശുപത്രിയിലാണ് മറുപിള്ളയിലൂടെ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വൈറസ് പകർന്നത്. വെർട്ടിക്കൽ ട്രാൻസ്മിഷനിലൂടെയാണ് ഇത് സംഭവിച്ചതെന്നും രാജ്യത്ത് ഇത്തരത്തിലെ ആദ്യത്തെ സംഭവമാണിതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

അമ്മയിൽ നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകർച്ച വെർട്ടിക്കൽ ട്രാൻസ്മിഷൻ (vertical transmission) എന്നാണ് അറിയപ്പെടുന്നത്. കുഞ്ഞിന്റെ ജനനത്തിന് തൊട്ടു മുമ്പോ പിമ്പോ അമ്മയിൽ നിന്ന് രോഗ കാരണമായ അണുക്കൾ കുഞ്ഞിലേക്ക് വ്യാപിക്കുന്നതിനെയാണ് വെർട്ടിക്കൽ ട്രാൻസ്മിഷൻ എന്നു പറയുന്നത്. ഇത് ഗർഭാവസ്ഥയിൽ മറുപിള്ളയിലൂടെയോ ജനന ശേഷം മുലപ്പാലിലൂടെയോ സംഭവിക്കാം.

ജനനത്തിന് ശേഷം അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് സാധാരണ കണ്ടുവരാറുണ്ട്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന് വൈറസ് പകർന്നതായാണ് ഇവിടെ സംഭവിച്ചിരിക്കുന്നതെന്ന് സസൂൻ ജനറൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. ആർതി കിനികർ വ്യക്തമാക്കി. എല്ലാ ഗർഭിണികൾക്കും കോവിഡ് പരിശോധന നിഷ്കർഷിച്ചിരിക്കുന്നതിനാൽ വൈറസ് ബാധ സ്ഥിരീകരിച്ച കുഞ്ഞിന്റെ അമ്മയ്ക്കും നേരത്തെ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നുവെന്നും ഡോ. ആർതി അറിയിച്ചു.

പ്രസവത്തിന് ഒരാഴ്ച മുമ്പാണ് അമ്മയ്ക്ക് കോവിഡ് ലക്ഷണങ്ങൾ പ്രകടമായത്. തുടർന്ന് പ്രസവിച്ചയുടനെ കുഞ്ഞിന്റെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. കുട്ടിയെ മറ്റൊരു വാർഡിലാണ് കിടത്തിയിരുന്നത്. സ്രവ പരിശോധനാ ഫലം പോസിറ്റീവ് ആവുകയും ജനിച്ച് രണ്ട്- മൂന്ന് ദിവസത്തിനുള്ളിൽ കുഞ്ഞിന് കോവിഡ് ലക്ഷണങ്ങളായ കടുത്ത പനി, സൈറ്റോക്കിൻ സ്റ്റോം തുടങ്ങിയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. രണ്ടാഴ്ച തീവ്ര പരിചരണ വിഭാഗത്തിലാക്കിയ കുഞ്ഞ് പിന്നീട് സുഖം പ്രാപിക്കുകയും അമ്മയോടൊപ്പം ആശുപത്രി വിടുകയും ചെയ്തതായി ഡോ. ആർതി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ വെർട്ടിക്കൽ ട്രാൻസ്മിഷനിലൂടെ കോവിഡ് പകരുന്ന ആദ്യത്തെ കേസാണിതെന്ന് സസൂൻ ജനറൽ ആശുപത്രി ഡീൻ ഡോ. മുരളീധർ താമ്പെ മാധ്യമങ്ങളോട് പറഞ്ഞു. വൈറസ് ബാധ കാരണം ഗുരുതരാവസ്ഥയിലായ കുഞ്ഞിനും അമ്മയ്ക്കും മികച്ച ചികിത്സയും പരിചരണം നൽകിയ ആശുപത്രിയിലെ മെഡിക്കൽ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം