ദേശീയം

'നിയന്ത്രണ രേഖ ലംഘിച്ചത് ചൈന; പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും'- പ്രതികരണവുമായി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർ വീര മൃത്യു വരിച്ചതിൻറെ പശ്ചാത്തലത്തിൽ ആദ്യ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം. അതി‌ർത്തിയിൽ ചൈനയാണ് ധാരണ ലംഘിച്ച്, നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയുമായി ഉണ്ടാക്കിയ ധാരണ ചൈന ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.

'കിഴക്കൻ ലഡാക്കിൻറെ അതിർത്തി പ്രദേശത്ത് ഇരു സേനകളും പിൻമാറാനുള്ള നടപടികൾ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത് വരികയായിരുന്നു. ജൂൺ ആറിന് ഇരു സൈന്യങ്ങളിലെയും കമാൻഡർമാർ യോഗം ചേർന്ന്, സൈനികരെ മേഖലയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാൻഡർമാർ മേഖലയിൽ പരസ്പരം യോഗം ചേർന്ന്, എങ്ങനെ സൈന്യത്തെ പിൻവലിക്കാമെന്നതിൽ ഒരു ധാരണയിലെത്തി അതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങി വരികയായിരുന്നു.

ഈ പ്രക്രിയ നന്നായിത്തന്നെ പുരോഗമിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ ചൈന ഈ ധാരണ അംഗീകരിച്ചില്ല. മാത്രമല്ല, ഗാൽവൻ താഴ്‍വരയിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന നിയന്ത്രണ രേഖയെ മാനിക്കുകയും ചെയ്തില്ല.

ജൂൺ 15ന് വൈകിട്ടും, രാത്രിയുമായി ചൈന ധാരണ ലംഘിച്ച് അതിർത്തി മാറ്റാൻ ശ്രമം നടത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. ഇരു സൈന്യങ്ങളും തമ്മിൽ ഏറ്റുമുട്ടി. രണ്ട് ഭാഗത്തും മരണങ്ങളുണ്ടായി. ഉയർന്ന നയതന്ത്ര, സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നു'- വിദേശകാര്യ മന്ത്രലയം വ്യക്തമാക്കി.

'അതി‍ർത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യ എപ്പോഴും വളരെ ഉത്തരവാദിത്വമുള്ള നിലപാടാണ് സ്വീകരിച്ചു പോരുന്നത്. ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനകത്ത് തന്നെയായിരുന്നു. ഈ ധാരണ ചൈനയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അതിർത്തിയിൽ സമാധാനവും ശാന്തിയും തുടരേണ്ടതിൻറെ ആവശ്യകതയിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്. ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാവുന്നതാണ്. അതേസമയം, ഇന്ത്യ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് തന്നെ നിലനിൽക്കും'- വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്