ദേശീയം

ഡോളര്‍ പിടിച്ചുപറി കേസില്‍ 'മിസ് ഡല്‍ഹി' അറസ്റ്റില്‍; തട്ടിയെടുത്ത ലക്ഷങ്ങള്‍ ഇന്‍സ്റ്റാഗ്രാം താരവും ആണ്‍സുഹൃത്തും ചേര്‍ന്ന് ചെലവഴിച്ചത് ഗോവയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  2.5 ലക്ഷം മൂല്യം വരുന്ന 3300 അമേരിക്കന്‍ ഡോളര്‍ പിടിച്ചുപറിച്ച കേസില്‍ സോഷ്യല്‍മീഡിയ താരവും ആണ്‍സുഹൃത്തും പിടിയില്‍. ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനി ജീവനക്കാരനില്‍ നിന്ന് അമേരിക്കന്‍ ഡോളര്‍ തട്ടിയെടുത്ത കേസിലാണ് ഇരുവരും അറസ്റ്റിലായത്. ഇത്തരത്തില്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇരുവരും ഗോവയില്‍ യാത്ര പോയതായി ഡല്‍ഹി പൊലീസ് പറയുന്നു.

സാമൂഹിക പ്രവര്‍ത്തക, ഫാഷന്‍ ഡിസൈനര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ സ്വയം അവകാശപ്പെടുന്ന അമൃത സേഥിയാണ് പിടിയിലായത്.  മിസ് ഡല്‍ഹിയാണെന്ന അവരുടെ അവകാശവാദം സ്ഥിരീകരിച്ചിട്ടില്ല എന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. അമൃത സേഥിയും സുഹൃത്ത് അക്ഷിത് ജാംബും ഗോവയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങിയതായും പോക്കര്‍ ഗെയിം കളിച്ചതായും ഡല്‍ഹി പൊലീസ് പറയുന്നു. 26 കാരിയായ അമൃതയെ ഇന്‍സ്റ്റാഗ്രാമില്‍ 80000 പേരാണ് പിന്തുടരുന്നത്.

ഇരുവരും പടിഞ്ഞാറന്‍ ഡല്‍ഹി നിവാസികളാണ്. 2.5 ലക്ഷത്തിന് തുല്യമായ ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനിയെ സമീപിച്ചത്. രൂപ ഡോളറിലേക്ക് മാറ്റുന്നതിന് കമ്പനി ജീവനക്കാരനെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ഈസമയത്ത് ദക്ഷിണ ഡല്‍ഹിയിലെ പഞ്ചശീല്‍ ക്ലബിന് സമീപമായിരുന്നു ഇരുവരും.  

കാറില്‍ ഇരിക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടതെന്ന് ജീവനക്കാരന്‍ പറയുന്നു. പണം തൊട്ടടുത്തുള്ള എടിഎമ്മില്‍ നിന്ന് എടുത്തുതരാമെന്നും കാറില്‍ കയറാനും ജീവനക്കാരനോട് ഇരുവരും ആവശ്യപ്പെട്ടു. ഇതനുസരിച്ച് കാറില്‍ കയറിയ ജീവനക്കാരനൊപ്പം കാര്‍ മുന്നോട്ടുപോയി. അതിനിടെ ജീവനക്കാരന്റെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് ഇരുവരും കാര്‍ ഓടിച്ച് കടന്നുകളഞ്ഞു എന്നതാണ് കേസ്. ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനി നല്‍കിയ പരാതിയിലാണ് ഇരുവരുടെയും അറസ്റ്റ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഇരുവരും ഗോവയില്‍ ഉണ്ടെന്ന് കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍