ദേശീയം

ഹാഥ്‌രസിലേക്കു പുറപ്പെട്ട മലയാളി മാധ്യമപ്രവർത്തകൻ അടക്കം നാലുപേർ അറസ്റ്റില്‍ ; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെന്ന് യു പി പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹാഥ്‌രസിലേക്ക് പോയ നാലുപേര്‍ പൊലീസ് പിടിയില്‍. മലപ്പുറം സ്വദേശിയായ മാധ്യമപ്രവർത്തകൻ സിദ്ധിഖാണ് യു പി പൊലീസിന്റെ പിടിയിലായവരില്‍ ഒരാള്‍. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമാണ്. 

മഥുരയിലെ മത് ടോള്‍ പ്ലാസയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഇവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് മഥുര പൊലീസ് പറഞ്ഞു. സംശയകരമായ ബന്ധങ്ങളുള്ള ചിലര്‍ ഡല്‍ഹിയില്‍ നിന്നും ഹാഥ്‌രസിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന നടത്തിയത്. 

മലപ്പുറം സ്വദേശി സിദ്ധിഖിന് പുറമെ, മുസഫര്‍ നഗര്‍ സ്വദേശി ആതിഖ് ഉര്‍ റഹ്മാന്‍, ബറിയാച്ച് സ്വദേശി മസൂദ് അഹമ്മദ്, റാംപൂര്‍ സ്വദേശി ആലം എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, ലഘുലേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. 

പിടിച്ചെടുത്ത ലഘുലേഖകള്‍ സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ കഴിയുന്നതാണെന്ന് യു പി പൊലീസ് പറയുന്നു. മൗലികവാദ ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ടുമായും കാംപസ് ഫ്രണ്ടുമായും ഇവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് സൂചിപ്പിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നേരത്തെ നിരോധിച്ചതാണ്. 

സെപ്റ്റംബര്‍ 14 നാണ് 19 കാരിയായ ദളിത് പെണ്‍കുട്ടിയെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തത്.  അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി ഡല്‍ഹിയില്‍ ചികില്‍സയിലിരിക്കെ മരിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ യുപി പൊലീസ് രാത്രി തന്നെ സംസ്‌കരിച്ചതും വിവാദമായിരുന്നു.  കേസ് ഒതുക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണ് നടക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും