ദേശീയം

എടപ്പാടി പളനിസ്വാമി എഐഎഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ; ഒപിഎസ് പിന്മാറി ; സമവായം ബിജെപി ഇടപെടലിനെ തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അടുത്ത വര്‍ഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. ചെന്നൈ എഐഎഡിഎംകെ ആസ്ഥാനത്ത് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓഡിനേറ്ററുമായ ഒ പനീര്‍സെല്‍വമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പളനിസ്വാമിയും പനീര്‍സെല്‍വവും കരുക്കള്‍ നീക്കിയിരുന്നു. ഇരുപക്ഷവും ചേരിതിരിഞ്ഞ് ഗ്രൂപ്പ് യോഗവും ചേര്‍ന്നിരുന്നു. ഇതോടെ എഐഎഡിഎംകെ പിളര്‍പ്പിലേക്ക് പോകുമെന്നും അഭ്യൂഹങ്ങള്‍ ശക്തമായി. ഇതിനിടെ ബിജെപി കേന്ദ്രനേതൃത്വം ഇടപെട്ടതോടെയാണ് എഐഎഡിഎംകെയില്‍ സമവായം ഇരുത്തിരിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതൃത്വം രാവിലെ ഇരു നേതാക്കളുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഒരുമിച്ച് പോകണമെന്ന് നിര്‍ദേശിച്ചു. 

സമവായത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനും, പാര്‍ട്ടി ഭരണത്തിനുമായി 11 അംഗ മാര്‍ഗ നിര്‍ദേശക സമിതിയെയും പനീര്‍സെല്‍വം പ്രഖ്യാപിച്ചു. 11 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പനീര്‍ സെല്‍വത്തിനാണ് മുന്‍തൂക്കം. ആറുപേരാണ് ഒപിഎസിനെ അനുകൂലിക്കുന്നവര്‍. അഞ്ചുപേരാണ് പളനിസ്വാമി പക്ഷത്തു നിന്നുള്ളത്. 

ഡിണ്ടിഗല്‍ സ്രീനിവാസന്‍, തങ്കമണി, എസ് പി വേലുമണി, ഡി ജയകുമാര്‍, സി വി ഷണ്‍മുഖം, കാമരാജ്, ജെസിഡി പ്രഭാകരന്‍, മനോജ് പാണ്ഡ്യന്‍, പാ മോഹന്‍, ഗോപാലകൃഷ്ണന്‍, ടി മാണിക്കം എന്നിവരാണ് സമിതിയിലുള്ളത്. സ്റ്റിയറിങ് കമ്മിറ്റിയില്‍ ഇടം ലഭിക്കാത്ത നേതാക്കളെ ഉള്‍പ്പെടുത്തി വിവിധ തെരഞ്ഞെടുപ്പു സമിതികളും പ്രഖ്യാപിച്ചേക്കും.

കഴിഞ്ഞയാഴ്ച നടന്ന നിര്‍വാഹക സമിതി യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലി ഒപിഎസും ഇപിഎസും വാഗ്വാദത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് ഇപിഎസിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുക, 11 അംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുക എന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലേക്കെത്തിയത്. എഐഎഡിഎംകെ കോ ഓഡിനേറ്ററായ പനീര്‍സെല്‍വം മുന്നോട്ടുവെച്ച നിര്‍ദേശം പളനിസ്വാമി അംഗീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്