ദേശീയം

പൊതുസ്ഥലങ്ങള്‍ കൈയടക്കിയുള്ള സമരം അംഗീകരിക്കാനാവില്ല, ഒഴിപ്പിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തം: സുപ്രീം കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൊതു സ്ഥലങ്ങള്‍ സമരങ്ങള്‍ക്കായി അനിശ്ചിതമായി കൈയടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത്തരം സമരങ്ങള്‍ ഒഴിപ്പിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്തമാണെന്ന്, ഷഹീന്‍ ബാഗ് സമരത്തിനെതിരായ കേസില്‍ തീര്‍പ്പു കല്‍പ്പിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടി. 

ജനാധിപത്യവും വിയോജിപ്പും ഒന്നിച്ചാണ് മുന്നോട്ടുപോവേണ്ടത്. ഷഹീന്‍ബാഗ് പോലുള്ള ഒരു സ്ഥലം അനിശ്ചിതമായി സമരങ്ങള്‍ക്ക് വേണ്ടി കൈയടക്കിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല. ഡല്‍ഹി പൊലീസ് അത് ഒഴിപ്പിക്കേണ്ടതായിരുന്നു. ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാതെ കോടതി വിധിക്കു കാത്തിരിക്കുകയല്ല ചെയ്യേണ്ടതെന്ന് ജസ്റ്റിസ് എകെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. 

ഒരു വിഭാഗത്തിന്റെ പ്രതിഷേധിക്കാനുള്ള അവകാശം മറ്റൊരു വിഭാഗത്തിന്റെ സഞ്ചരിക്കാനുള്ള അവകാശവുമായി ചേര്‍ന്നുപോവണമെന്ന് ഇതേ കേസില്‍ നേരത്തെ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രതിഷേധത്തിന്റെ പേരില്‍ അത് ഹനിക്കപ്പെടരുതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. 

പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ അതു സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കരുതെന്നും ജസ്റ്റിസ് അനിരുദ്ധ ബോസ് പറഞ്ഞു. എവിടെയാണ് സമരം എന്നതാണ് വിഷയത്തെ പ്രശ്‌നവത്കരിക്കുന്നത്. അതില്‍ ഒരു സംതുലിതമായ നിലപാടു വേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. 

പ്രതിഷേധത്തിനും കൂടിച്ചേരലിനുമുള്ള അവകാശം നിയന്ത്രണങ്ങള്‍ക്കു വിധേയമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. സമരം ചെയ്യാന്‍ ജന്തര്‍ മന്ദര്‍ പോലുള്ള സ്ഥലങ്ങളുണ്ട്. പൊതു വഴി തടസ്സപ്പെടുത്തി സമരം ചെയ്യുന്നത് അനുവദിക്കാനാവില്ല മേത്ത പറഞ്ഞു. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിച്ചതിനാല്‍ സമരക്കാരെ നീക്കണമെന്ന ആവശ്യം കാലഹരണപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഭാവിയില്‍ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനു കേസില്‍ ഉത്തരവു പുറപ്പെടുവിക്കുകയാണെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി