ദേശീയം

കേന്ദ്രത്തില്‍ 'ഒറ്റപ്പാര്‍ട്ടി ഭരണം'; ബിജെപിയുടെ കാബിനറ്റ്; പുനസ്സംഘടനയ്ക്കു കളമൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൂട്ടുകക്ഷി ഭരണം നിലവിലിരിക്കെ കേന്ദ്ര സര്‍ക്കാരില്‍ കാബിനറ്റ് മന്ത്രിമാര്‍ ഒരു പാര്‍ട്ടിയില്‍നിന്നുള്ളവര്‍ മാത്രം. റാംവിലാസ് പാസ്വാന്റെ മരണത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ടായ സുപ്രധാന മാറ്റങ്ങളിലൊന്ന് അതാണ്. ഭരിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) ആണെങ്കിലും ബിജെപിയില്‍ നിന്നുള്ള കബിനറ്റ് മന്ത്രിമാര്‍ മാത്രമാണ് നിലവില്‍ സര്‍ക്കാരിലുള്ളത്. മോദി സര്‍ക്കാരിലെ ഏക ഘടകകക്ഷി മന്ത്രി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ രാംദാസ് അതവാലെ സഹമന്ത്രിയാണ്.

തെരഞ്ഞെടുപ്പിന നേരിടുമ്പോള്‍ എന്‍ഡിഎയില്‍ ഔദ്യോഗികമായി ഇരുപത്തിനാലു പാര്‍ട്ടികളാണ് ഉണ്ടായിരുന്നത്. ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി മോദി ഭരണത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഘടകകക്ഷികള്‍ക്കു നല്‍കിയത് മൂന്നു കാബിനറ്റ് മന്ത്രിപദം. ഖനവ്യാവസായം ശിവസേനയുടെ അനന്ത് ഗീഥെയ്ക്കു നല്‍കി. ഭക്ഷ്യ സംസ്‌കരണം അകാലി ദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദലിന്, ഭക്ഷ്യ പൊതുവിതരണം എല്‍ജെപിയുടെ റാംവിലാസ് പാസ്വാനും. 

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലിയൂള്ള ഭിന്നതയെത്തുടര്‍ന്ന് ശിവസേന സഖ്യം വിട്ടപ്പോള്‍ അനന്ത് ഗീഥെ രാജിവച്ചു. കാര്‍ഷിക ബില്ലുകളെച്ചൊല്ലി കലഹിച്ച് അകാലി ദളിന്റെ പ്രതിനിധി ഹംസിമ്രത് കൗര്‍ കഴിഞ്ഞ മാസം രാജി നല്‍കി. റാംവിലാസ് പാസ്വാന്‍ ഇക്കഴിഞ്ഞ ദിവസം അന്തരിക്കുകയും ചെയ്തതോടെ കാബിനറ്റ് ബിജെപിയുടെ 'മാത്ര'മായി. 

ശിവസേനയ്ക്കു പിന്നില്‍ മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ ജെഡിയു സര്‍ക്കാര്‍ രൂപീകരണ സമയത്തുതന്നെ മന്ത്രിപദത്തെ ചൊല്ലി ഇടയുകയായിരുന്നു. രണ്ടു കാബിനറ്റ് പദവി വേണമെന്ന ജെഡിയുവിന്റെ ആവശ്യം ബിജെപി തള്ളി. ഇതോടെ മന്ത്രിസ്ഥാനമേ വേണ്ടെന്ന് ജെഡിയു തീരുമാനിക്കുകയായിരുന്നു. 

ബിജെപിയില്‍ സംഘടനാ തല അഴിച്ചുപണിക്കു പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ പുനസംഘടന ഉണ്ടാവുമെന്ന സൂചനകള്‍ ശക്തമാണ്. സംഘടനാതലത്തില്‍ പുറത്തായ പല നേതാക്കളും മന്ത്രിസഭയില്‍ ഇടം പിടിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഘടകകക്ഷികളില്‍നിന്ന് ആരെയെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമോയെന്നു വ്യക്തമല്ല. മന്ത്രിസഭയില്‍ ചേരേണ്ടെന്ന നിലപാട് ജെഡിയു പുനപ്പരിശോധിച്ചിട്ടില്ല. കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനാല്‍ അകാലിദളും തല്‍ക്കാലം തിരിച്ചുവരാനിടയില്ല. ബിഹാറില്‍ എന്‍ഡിഎയില്‍നിന്നു വിട്ടു തനിച്ചു മത്സരിക്കുകയാണ് ലോക്ജനശക്തി പാര്‍ട്ടി. അതു ദേശീയതലത്തില്‍ എന്‍ഡിഎയില്‍ പ്രതിഫലിച്ചാല്‍ റാംവിലാസ് പാസ്വാനു പകരം പാര്‍ട്ടി പ്രതിനിധി ഉണ്ടാവാനും സാധ്യത കുറവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത