ദേശീയം

നേതൃത്വത്തില്‍ കനയ്യ കുമാര്‍;ഇടത് പാര്‍ട്ടികളുടെ പ്രചാരണത്തിന് വിദ്യാര്‍ത്ഥി പട, താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള താര പ്രചാരകരുടെ പട്ടിക പുറത്തിറക്കി ഇടത് പാര്‍ട്ടികള്‍. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തിനൊപ്പം മത്സരിക്കുന്ന ഇടത് പാര്‍ട്ടികള്‍, 29 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. സിപിഐ (എംഎല്‍) 19, സിപിഐ 6, സിപിഎം 4 എന്നിങ്ങനെയാണ് പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം. 

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള യുവ നേതാക്കളെയാണ് ഇത്തവണ പ്രചാരണത്തിനായി ഇടത് പാര്‍ട്ടികള്‍ രംഗത്തിറക്കുന്നത്. കനയ്യ കുമാറാണ് സിപിഐയുടെ പ്രധാന പ്രചാരകന്‍. ജനറല്‍ സെക്രട്ടറി ഡി രാജ, ആനി രാജ, അതുല്‍ കുമാര്‍ അഞ്ജാന്‍, അമര്‍ജീത് കൗര്‍ എന്നിവരാണ് സിപിഐയുടെ താര പ്രചാരകര്‍. 

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, എസ്എഫ്‌ഐ നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷ് എന്നിവര്‍ സിപിഎമ്മിന് വേണ്ടി പ്രചാരണത്തിന് എത്തും. 

ജെഎന്‍യു, ഹൈദരബാദ് അടക്കമുള്ള സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നേതാക്കളെ രംഗത്തിറക്കി പ്രചാരണം നടത്താനാണ് ഇടത് പാര്‍ട്ടികളുടെ നീക്കം. എഐഎസ്എഫ്, എഐഎസ്എ,എസ്എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വളക്കൂറുള്ള ഇടമാണ് ബിഹാര്‍. അതുകൊണ്ടുതന്നെ കനയ്യയുടെ നേതൃത്വത്തിലുള്ള യുവ നേതാക്കളെ രംഗത്തിറക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ഇടത് പാര്‍ട്ടികള്‍. ഇടത് പാര്‍ട്ടികളെ കൂടാതെ, ആര്‍ജെഡിക്കും കോണ്‍ഗ്രസിനും വേണ്ടിയും കനയ്യ പ്രചാരണത്തിനിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. ആര്‍ജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവിന് വേണ്ടിയും അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്. 

നേരത്തെ, ബിജെപിയും കോണ്‍ഗ്രസും അവരുടെ താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ താര പ്രചാരകന്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നഡ്ഡ, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങും. 

എഐസിസി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സച്ചിന്‍ പൈലറ്റ്, മന്‍മോഹന്‍ സിങ് എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി