ദേശീയം

ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയതോ? സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സിബിഐക്കു കൈമാറാന്‍ സുപ്രീം കോടതി ഉത്തരവ്. റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടിക്കു സിബിഐയ്ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. 

ചാരക്കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ പ്രതി ചേര്‍ത്തതിനു പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികളാണ് ഡികെ ജയിന്‍ സമിതി അന്വേഷിച്ചത്. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് സിബിഐ മൂന്നു മാസത്തിനകം തല്‍സ്ഥിതി അറിയിക്കണം. റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്തുപോവരുതെന്നും കോടതി നിര്‍ദേശം നല്‍കി. ചാരക്കേസില്‍ ഗുരുതരമായ കാര്യങ്ങളാണ് നടന്നതെന്നും സിബിഐ അന്വേഷണം വേണമെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അഭിപ്രായപ്പെട്ടു.

നമ്പി നാരായണനെ കേരള പൊലീസ് കേസില്‍ കുടുക്കിയതാണോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഡികെ ജയിന്‍ സമിതി പരിശോധിച്ചിരുന്നു. മുദ്ര വച്ച കവറിലാണ് സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കിയത്. റിപ്പോര്‍ട്ടിന്റെ കോപ്പി വേണമെന്ന, ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസിന്റെയും നമ്പി നാരായണന്റെയും ആവശ്യം കോടതി തള്ളി. 

സുപ്രീം കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി നമ്പി നാരായണന്‍ പ്രതികരിച്ചു. കേസില്‍ ഗുഢാലോചന നടന്നുവെന്നു വ്യക്തമാണെന്ന് കോടതി തീരുമാനത്തിലൂടെ തെളിഞ്ഞതായി നമ്പി പറഞ്ഞു. രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം. ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്ന് നമ്പി നാരായണന്‍ പറഞ്ഞു.

കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പട്ട നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കാന്‍ നേരത്തെ സുപ്രീം കോടതി കേരള സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി