ദേശീയം

കുംഭമേളയില്‍ പങ്കെടുത്ത 30 സന്യാസിമാര്‍ക്ക് കോവിഡ് ; മേളയില്‍ നിന്ന് പിന്മാറുന്നുവെന്ന് നിരഞ്ജനി അഖാഡ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കുംഭമേളയില്‍ പങ്കെടുക്കുന്ന 30 സന്യാസിമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സന്യാസിമാര്‍ക്കിടയില്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുകയാണ്. നാളെ മുതല്‍ പരിശോധന കൂടുതല്‍ വേഗത്തിലാക്കുമെന്ന് ഹരിദ്വാര്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് കെ ഝാ അറിയിച്ചു. കഴിഞ്ഞ നാലുദിവസത്തിനിടെ ഹരിദ്വാറില്‍ മാത്രം 1701 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

ഓള്‍ ഇന്ത്യ അഖാഡ പരിഷദ് നേതാവ് മഹന്ത് നരേന്ദ്രഗിരിയും കോവിഡ് ബാധിതരായവരില്‍ ഉള്‍പ്പെടുന്നു. വിദഗ്ധ ചികില്‍സയ്ക്കായി ഇദ്ദേഹത്തെ ഋഷികേശിലെ എയിംസിലേക്ക് മാറ്റി. മഹാനിര്‍വാണി അഖാഡയിലെ പ്രധാന സന്യാസിവര്യനായ സ്വാമി കപില്‍ദേവ് കോവിഡ് ചികില്‍സയ്ക്കിടെ മരിച്ചു. കുംഭമേള നടക്കുന്ന പ്രദേശത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ 332 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡില്‍ സൂപ്പര്‍ സ്‌പ്രെഡിനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ വെട്ടിച്ചുരുക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ, കുംഭമേളയില്‍ നിന്ന് പിന്മാറുന്നതായി 13 അഖാഡകളില്‍ ഒന്നായ നിരഞ്ജനി അറിയിച്ചു. ഹരിദ്വാറിലെ കോവിഡ് വ്യാപനത്തിന്റെ സ്ഥിതിയും തീര്‍ത്ഥാടകരില്‍ പലര്‍ക്കും രോഗം സ്ഥീരീകരിക്കുകയും ചെയ്ത സാഹചര്യവും കണക്കിലെടുത്ത് കുംഭമേള അവസാനിപ്പിക്കുകയാണെന്ന് നിരഞ്ജനി അഖാഢ സെക്രട്ടറി രവീന്ദ്ര പുരി മഹാരാജ് പറഞ്ഞു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അഖാഢ പരിഷത്താണ് എടുക്കേണ്ടതെന്നും അതിനായി അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഈ മാസം 30 വരെയാണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്. നേരത്തെ കുംഭമേളയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാതെയും ചടങ്ങുകളില്‍ പങ്കെടുക്കുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി