ദേശീയം

'തീ പിടിച്ചപ്പോള്‍ രണ്ട് പേര്‍ ചാടിയതാവണം; പൊള്ളലേറ്റ് തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു; ഒരാള്‍ വെള്ളം ചോദിച്ചു'

സമകാലിക മലയാളം ഡെസ്ക്

കൂനൂര്‍: 'പുകകാരണം എനിക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. ഓടിച്ചെന്നപ്പോള്‍ രണ്ട് പേര്‍ നിലത്ത് കിടക്കുന്നതാണ് കണ്ടത്. തീപിടിച്ചപ്പോള്‍ പുറത്തേക്ക് ചാടിയതാവണം. വസ്ത്രങ്ങളിലൊക്കെ തീ പിടിച്ചിരുന്നു. മുഖമാകെ പൊള്ളലേറ്റ് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്നു. അവരിലൊരാള്‍ വെള്ളം ചോദിച്ചു'  കൂനൂര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ ശിവകുമാര്‍ പറയുന്നു. 

പരിക്കേറ്റ അവരില്‍ ഒരാളുമായി സംസാരിക്കുമ്പോള്‍ അയാള്‍ വെള്ളത്തിനായി ആവശ്യപ്പെട്ടു. പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോഴാണ്  അപകടത്തില്‍ സംയുക്ത സൈനിക മേധാവിയുമുണ്ടെന്ന കാര്യം മനസിലായതെന്ന് അദ്ദേഹം പറയുന്നു. അപകടസ്ഥലത്തേക്ക് വാഹനമെത്താന്‍ കഴിയാത്തതിനാല്‍ 500 മീറ്റര്‍ അകലെയുള്ള റോഡിലേക്ക് ഇരുവരെയും കമ്പിളിപുതപ്പിലാണ് എത്തിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തിയതായും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്ററിന് സമീപം മറ്റൊരു മൃതദേഹം കണ്ടിരുന്നതായും അദ്ദേഹം പറഞ്ഞു. 

വലിയ ശബ്ദം കേട്ടാണ് താന്‍ വീടിന് പുറത്തേക്ക് ഓടിയതെന്ന് മറ്റൊരു ദൃക്്‌സാക്ഷി ചന്ദ്രകുമാര്‍ പറഞ്ഞു. മരക്കൊമ്പുകളില്‍ കുടുങ്ങിയ ഹെലികോപ്റ്റര്‍ തീ പിടിച്ച് നിലത്തേക്ക് വീഴുന്നതാണ് കണ്ടത്. ആളുകളുടെ നിലവിളിയും കേട്ടതായി ചന്ദ്രകുമാര്‍ പറഞ്ഞു. ഉടന്‍ തന്നെ അയല്‍വാസിയെ വിളിച്ച് വിവരം പൊലീസിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.


ഹെലികോപ്റ്റര്‍ നിയന്ത്രണംവിട്ടപോലെ ഒരു മരത്തിലിടിച്ച് തീപിടിക്കുന്നതാണ് കണ്ടതെന്ന് മറ്റൊരു ദൃക്‌സാക്ഷി കൃഷ്ണ സ്വാമി പറഞ്ഞു.  തൊട്ടുപിന്നാലെ നാലു തീ?ഗോളങ്ങള്‍ താഴേക്ക് പതിച്ചു. തീ പിടിച്ച ആളുകളായിരുന്നു അതെന്നാണ് അദ്ദേഹം പറയുന്നത്. 

മരത്തിലിടിച്ച് തീപിടിച്ചു, തൊട്ടുപിന്നാലെ നാല് തീഗോളങ്ങള്‍ പതിച്ചു

കൂലിപ്പണിക്കാരനായ കൃഷ്ണസ്വാമി വീടിനു മുന്നിലെ പൈപ്പില്‍ നിന്നു വെള്ളമെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് 150 മീറ്റര്‍ അകലെ കോപ്റ്റര്‍ തകര്‍ന്നുവീണത്. കനത്ത കോടമഞ്ഞായിരുന്നു. അതിനിടയിലൂടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ടപോലെയെത്തി ഒരു മരത്തിലിടിച്ചു തീപിടിക്കുന്നതാണ് ആദ്യം കണ്ടത്. തൊട്ടു പിന്നാലെ നാല് തീഗോളങ്ങള്‍ താഴേയ്ക്കു പതിച്ചു. തീപിടിച്ച ആളുകളായിരുന്നു അത്. ഹെലികോപ്റ്റര്‍ കറങ്ങിച്ചെന്ന് ഏകദേശം 50 മീറ്റര്‍ അകലെ കാട്ടിലെ കൊക്കയിലെ മറ്റൊരു മരത്തില്‍ ഇടിച്ചു കത്തിക്കൊണ്ടുതന്നെ താഴേക്കു തകര്‍ന്നുവീണു. -കൃഷ്ണസ്വാമി വ്യക്തമാക്കി. 

വീടിനു മുകളിലേക്ക് തീ പിടിച്ച കോപ്റ്റര്‍ ചിറകിന്റെ കഷ്ണം വീണു

ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതു കണ്ട് സമീപമുള്ള നാലഞ്ചു വീടുകളില്‍ നിന്നുള്ളവര്‍ അടുത്തേക്ക് ഒാടിച്ചെന്നെങ്കിലും അഗ്‌നിനാളങ്ങള്‍ക്കും ചെറു പൊട്ടിത്തെറികള്‍ക്കുമിടയില്‍ കാര്യമായൊന്നും ചെയ്യാനായില്ല. കൃഷ്ണസ്വാമിയുടെ വീടിന് ഏതാണ്ട് 150 മീറ്റര്‍ അകലെ വനഭൂമിയിലാണ് കോപ്റ്റര്‍ കത്തിവീണത്. വലിയ മരങ്ങള്‍ മുറിഞ്ഞുവീണ നിലയിലായിരുന്നു. വലിയ ശബ്ദമുണ്ടായി. ആകെ പേടിച്ചുപോയെന്നാണ് അദ്ദേഹം പറയുന്നത്. ശങ്കര്‍ എന്നയാളുടെ വീടിനു മുകളില്‍ തീ പിടിച്ച കോപ്റ്റര്‍ ചിറകിന്റെ ഒരു കഷണം വീണെങ്കിലും കാര്യമായ നാശനഷ്ടമൊന്നുമുണ്ടായില്ല. 

തുടക്കസമയത്ത് പൊലീസിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് പ്രദേശവാസികളായിരുന്നു. ദുര്‍ഘടമായ പ്രദേശമായിരുന്നതിനാല്‍ ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ക്ക് പ്രദേശത്ത് എത്താന്‍ താമസമുണ്ടായി. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളില്‍ വെള്ളം നിറച്ചാണ് ആദ്യം തീയണയ്ക്കാന്‍ ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ തുണിയും വെള്ളവും പാത്രവുമൊക്കെയായി സത്രത്തിലെ നാട്ടുകാര്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി