ദേശീയം

ബിപിന്‍ റാവത്തിന് ആദരം; ഭൗതികശരീരം പ്രധാനമന്ത്രി ഏറ്റുവാങ്ങും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാഷ്ട്രപതിയും വിമാനത്താവളത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും മറ്റു സൈനിക ഉദ്യോഗസ്ഥരുടേയും മൃതദേഹം ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങും. മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി എത്തും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. രാത്രി 9.15 ന് വിമാനത്താവളത്തിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും ജനറല്‍ ബിപിന്‍ റാവത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കും.

വരുണ്‍ സിങിനെ ബംഗലൂരുവിലേക്ക് മാറ്റി

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗലൂരുവിലേക്ക് മാറ്റി. ഊട്ടി വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ നിന്നും റോഡുമാര്‍ഗം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചശേഷം അവിടെ നിന്നും വിമാനമാര്‍ഗം ബംഗലൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു. ബംഗലൂരുവിലെ കമാന്‍ഡ് ഹോസ്പിറ്റലിലാണ് വരുണ്‍ സിങിനെ പ്രവേശിപ്പിച്ചത്. 

ഗുരുതരമായി പൊള്ളലേറ്റ വരുണ്‍സിങിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. ഏറ്റവും വിദഗ്ധ ചികിത്സ ഇദ്ദേഹത്തിന് ഉറപ്പാക്കുമെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു. ഹെലികോപ്ടര്‍ ദുരന്തത്തില്‍ രക്ഷപ്പെട്ട ഏക വ്യക്തി വരുണ്‍ സിങാണ്. കോപ്ടറിലുണ്ടായിരുന്ന 14 പേരില്‍ 13 പേരും അപകടത്തില്‍ മരിച്ചു. 

ആദരാഞ്ജലി അർപ്പിച്ച് സ്റ്റാലിൻ

ഊട്ടിക്കടുക്ക് കുനൂരില്‍ ഇന്നലെ ഉച്ചയ്ക്കാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. സുലൂരുവില്‍ നിന്നും വെല്ലിങ്ടണില്‍ ഒരു സൈനിക പരിപാടിക്കായാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലികയും മറ്റ് 11 പേരും പോയത്. രാവിലെ വെല്ലിങ്ടണിലെ സൈനിക താവളത്തില്‍ ബിപിന്‍ റാവത്തിന്റെയും സൈനികരുടേയും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. 

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി, തെലങ്കാന ​ഗവർണർ തമിളിസൈ സൗന്ദർരാജൻ,  തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സംസ്ഥാനമന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തി. അവിടെ നിന്നും റോഡുവഴി സുലൂര്‍ സൈനികതാവളത്തിലെത്തിച്ച ശേഷം വിമാനമാർ​ഗം ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹം രാത്രിയോടെ  ഡല്‍ഹിയിലെത്തിക്കും.  

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അന്ത്യാഞ്ജലി അർപ്പിക്കുന്നു/ എഎൻഐ ചിത്രം

സംസ്‌കാരം നാളെ ഡല്‍ഹിയില്‍

ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാരം നാളെ ഡല്‍ഹിയില്‍ നടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കൻറോൺമെൻറിലെത്തിക്കും. ബ്രോർ സ്ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാര ചടങ്ങുകൾ. 

ഖത്തര്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട കരസേന ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ സിപി മൊഹന്തി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ചു. അതിനിടെ, അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലിക്കോപ്റ്ററിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഫ്ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍ സഹായിക്കും.

അപകടസ്ഥലത്ത് വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പരിശോധന തുടരുകയാണ്.  വിങ് കമാന്‍ഡര്‍ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഫ്‌ലൈറ്റ് റെക്കോര്‍ഡര്‍ പരിശോധനയിലൂടെ സുരക്ഷാസംവിധാനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പാളിച്ച ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധനയില്‍ വ്യക്തമാകും. 

പുഷ്പാർച്ച നടത്തി ആദരമർപ്പിച്ച് നാട്ടുകാർ

വിലാപയാത്ര കടന്നുപോയ റോഡിന്റെ ഇരുവശത്തും നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. അന്തരിച്ച ധീരസൈനികര്‍ക്ക് ജനക്കൂട്ടം മുദ്രാവാക്യം മുഴക്കി അഭിവാദ്യം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ