ദേശീയം

കാമുകിക്ക് ഗിഫ്റ്റ് വാങ്ങണം, മുന്‍ ഭാര്യ നല്‍കിയ സ്വര്‍ണം മോഷണം പോയതായി കള്ളക്കഥ; കുടുങ്ങി യുവാവും അമ്മയും, പൊളിച്ചത് മൂത്ത സഹോദരന്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മകനെ രക്ഷിക്കാന്‍ നുണക്കഥയുമായി അമ്മ. വീട്ടില്‍ നിന്ന് സ്വര്‍ണമാല മോഷണം പോയി എന്ന പരാതിയിലാണ്  അമ്മ നുണക്കഥ പറഞ്ഞത്. മാല എടുത്തത് മകനാണ് എന്ന് അറിഞ്ഞതോടെ രക്ഷിക്കാന്‍ മാല മോഷണം പോയി എന്ന് കള്ളം പറയുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. 

രാജ്‌ക്കോട്ടിലാണ് സംഭവം. കാമുകിക്ക് ഗിഫ്റ്റ് കൊടുക്കാനാണ് യുവാവ് സ്വര്‍ണമാല വിറ്റത്. സ്വര്‍ണമാല എവിടെ എന്ന് മൂത്തമകന്‍ ചോദിച്ചതോടെയാണ് ഇളയമകനെ രക്ഷിക്കാന്‍ അമ്മ പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് തോക്കുധാരികള്‍ മാല മോഷ്ടിച്ച് കടന്നുകളഞ്ഞു എന്നാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കള്ളിവെളിച്ചത്തായത്. മോഷണം നടന്നു എന്ന് കാണിക്കാന്‍ വീട്ടിലെ സാധനസാമഗ്രികള്‍ വലിച്ചുവാരിയിട്ടു. കളളന്മാരെ പിടികൂടാന്‍ പിന്നാലെ മകന്‍ പോയി എന്നാണ് അമ്മ പൊലീസില്‍ പറഞ്ഞത്.

എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലീസിന് സംശയമായി. തുടര്‍ന്ന് സ്ത്രീയുടെ മകന്‍ ബാബുവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ യുവാവ് സത്യം പറഞ്ഞു. മുന്‍ ഭാര്യയുടെ മാതാപിതാക്കള്‍ ഗിഫ്റ്റായി നല്‍കിയ മാലയാണ് വിറ്റതെന്ന് യുവാവ് സമ്മതിച്ചു. കാമുകിക്ക് ഗിഫ്റ്റ് വാങ്ങി നല്‍കുന്നതിന് പണത്തിനായാണ് സ്വര്‍ണമാല വിറ്റതെന്നും ബാബു പറഞ്ഞതായി പൊലീസ് പറയുന്നു.

ജബല്‍പൂരില്‍ ജോലി ചെയ്യുന്ന ബാബു, അവിടെ വച്ചാണ് ഒരു യുവതിയുമായി പ്രേമത്തിലാകുന്നത്. യുവതിക്ക് വിലപ്പിടിപ്പുള്ള ഗിഫ്റ്റ് നല്‍കുന്നതിന് വേണ്ടിയാണ് സ്വര്‍ണമാല വിറ്റതെന്നും യുവാവ് പറഞ്ഞു. ബാബുവിന്റെ മൂത്ത സഹോദരന്‍ മാല എവിടെ എന്ന് ചോദിച്ചതോടെയാണ് അമ്മയും ബാബുവും ചേര്‍ന്ന്് കള്ളക്കഥ മെനഞ്ഞതെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്