ദേശീയം

'ഭാര്യയുടെ ഫോണ്‍ അറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം'

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് യുവതി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

പരാതിക്കാരിയും ഭര്‍ത്താവും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത സിഡി ഉപയോഗിച്ചു കുറ്റകൃത്യം തെളിയിക്കാന്‍ ഭര്‍ത്താവിനു കുടുംബ കോടതി അനുവാദം നല്‍കിയിരുന്നു. എന്നാല്‍, ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. 

2017ലാണ് ഭര്‍ത്താവ് യുവതിയില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. 2009ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. കേസിന്റെ ക്രോസ് വിസ്താരത്തിനിടെ, മെമ്മറി കാര്‍ഡിലോ മൊബൈല്‍ ഫോണിലെ ചിപ്പിലോ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളുടെ സിഡിയും ട്രാന്‍സ്‌ക്രിപ്റ്റുകളും സഹിതം  സപ്ലിമെന്ററി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുമതി തേടി 2019 ജൂലൈയില്‍ ഭര്‍ത്താവ് അപേക്ഷ സമര്‍പ്പിച്ചു. ഇതിന് കുടുംബ കോടതി അനുവാദം നല്‍കി. തുടര്‍ന്നാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

ഇത്തരംസിഡികള്‍ ഭാര്യയുടെ സ്വകാര്യതയിലേക്കുള്ള വ്യക്തമായ ലംഘനവും കടന്നുകയറ്റവുമാണ്. ഇത്തരം സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുനല്‍കാന്‍ കഴിയില്ല. ഹര്‍ജിക്കാരന്റെ സമ്മതമോ അറിവോ കൂടാതെ റെക്കോര്‍ഡ് ചെയ്തിരിക്കുന്നതിനാല്‍ അവ തെളിവായി സ്വീകാര്യമല്ലെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. പിന്നാലെ, ബതിന്‍ഡ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം