ദേശീയം

ലുധിയാന കോടതിയിലെ സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടന?; ദേശവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കുന്നതായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

അമൃത്സര്‍: പഞ്ചാബിലെ ലുധിയാന കോടതിയില്‍ ഇന്നയെയുണ്ടായ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകരസംഘടനയെന്ന് റിപ്പോര്‍ട്ട്. പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായം ലഭിക്കുന്ന ഖാലിസ്ഥാനി ഗ്രൂപ്പുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, പഞ്ചാബില്‍ തുടര്‍ ആക്രമണങ്ങള്‍ നടത്താനും, ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് മതസ്പര്‍ധയും വര്‍ഗീയ സംഘര്‍ഷങ്ങളും ഉണ്ടാക്കാനാണ് അവര്‍ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. 

സ്‌ഫോടനത്തില്‍ പാക് ഭീകരസംഘടനയ്ക്ക് പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി തള്ളിക്കളഞ്ഞില്ല. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളെല്ലാം പരിശോധിക്കുകയാണ്. സംഭവത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടും. ദേശവിരുദ്ധശക്തികള്‍ സംസ്ഥാനത്ത് അരാജകത്വം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം, ഭീകരസംഘടനകള്‍ പഞ്ചാബിനെ ലക്ഷ്യം വെക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബില്‍ രാഷ്ട്രീയ സ്ഥിരതയും സമാധാനവും പാകിസ്ഥാന്‍ ആഗ്രഹിക്കില്ലല്ലോ എന്നായിരുന്നു ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞത്. എന്നാല്‍ ഇന്ത്യ ശക്തമാണ്. പഞ്ചാബില്‍ അസ്ഥിരത ഉണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളെയും രാജ്യം ചെറുത്തുതോല്‍പ്പിക്കുമെന്നും രണ്‍ധാവ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.25 നാണ് ലുധിയാന കോടതിയില്‍ സ്‌ഫോടനം ഉണ്ടായത്. 

സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കോടതിയിലെ രണ്ടാം നിലയിലെ ശുചിമുറിക്ക് സമീപമായിരുന്നു സ്‌ഫോടനം ഉണ്ടായത്. ബാബര്‍ ഖല്‍സ ഗ്രൂപ്പാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. പഞ്ചാബില്‍ പാക് ഭീകരസംഘടനകല്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ മൂന്നു തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മൂന്നാമത്തെ റിപ്പോര്‍ട്ട് ഇന്നലെയാണ് നല്‍കിയിരുന്നത്. 

അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഛിന്നഭിന്നമായിപ്പോയിരുന്നു. ഇയാള്‍ തന്നെയാണ് ബോംബ് വെച്ച ക്രിമിനല്‍ എന്നാണ് സംശയിക്കുന്നതെന്ന് ലുധിയാന പൊലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിങ് ഭുല്ലാര്‍ പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം വിശദപരിശോധന നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിമാഫിയക്കെതിരായ അന്വേഷണം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ലുധിയാന കോടതിയിലെ സ്‌ഫോടനത്തിന് ഇവരുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി