ദേശീയം

'ലവ് ജിഹാദ്' നിയമങ്ങള്‍ പരിശോധിക്കുമെന്ന് സുപ്രീംകോടതി; യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ്, സ്‌റ്റേ ഇല്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ക്കെതിരേ ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും കൊണ്ടു വന്ന നിയമങ്ങളുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച രണ്ടു വ്യത്യസ്ത ഹര്‍ജികളില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. അതേ സമയം നിയമങ്ങള്‍ സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഉത്തര്‍പ്രദേശിലെ നിയമവിരുദ്ധ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് 2020, ഉത്തരാഖണ്ഡിലെ മതസ്വാതന്ത്ര്യ നിയമം 2018 എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് ഹര്‍ജികള്‍.

ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇതിനോടകം പരിഗണനയിലുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത പറഞ്ഞതിനെ തുടര്‍ന്ന് ഹര്‍ജിക്കാരനോട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ നിയമം കൊണ്ടുവരുന്നുണ്ടെന്നും സുപ്രീംകോടതി പരിശോധിക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി യു സിങ് ആവശ്യപ്പെട്ടു. ഈ നിയമങ്ങളിലെ ചില വ്യവസ്ഥകള്‍ അടിച്ചമര്‍ത്തുന്നതും ഭയം ജനിപ്പിക്കുന്നതുമാണ്. വിവാഹം കഴിക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും പറയുന്നു. അത് തികച്ചും നിന്ദ്യമാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ഈ ഘട്ടത്തിലാണ് നിയമം പരിശോധിക്കാമെന്നും രണ്ട് സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞത്. നാലാഴ്ചക്കുള്ളില്‍ സംസ്ഥാനങ്ങളോട് മറുപടി നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

നിയമങ്ങളിലെ വ്യവസ്ഥകള്‍ക്ക് സ്‌റ്റേ നല്‍കണമെന്ന് സി യു സിങ് ആവശ്യപ്പെട്ടപ്പോള്‍, സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ എങ്ങനെ സ്‌റ്റേ ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്