ദേശീയം

ഗം​ഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹങ്ങൾ; നാട്ടുകാരിൽ ആശങ്ക പടരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തുന്നതിന്റെ ഞെട്ടൽ വിട്ടുമാറും മുൻപ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ​ഗം​ഗാ തീരത്ത് മണലിൽ കുഴിച്ചിട്ട നിലയിലും നിരവധി മൃതദേഹ​ങ്ങൾ കണ്ടെത്തി. 400 നും 500നും ഇടയിൽ മൃത​ദേഹങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ കടുത്ത ആശങ്കയിലായി. വാർത്ത ഏജൻസിയായ എഎൻഐയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

കഴിഞ്ഞ രണ്ടോ മൂന്നോ മാസമായി പലരും ഇവിടെയെത്തി മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിടുന്നുണ്ടെന്ന് നാട്ടുകാരനായ ദിന യാദവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ത്രിവേണി സംഗമത്തിനടുത്തു പോലും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശക്തമായ കാറ്റില്‍ മണല്‍ നീങ്ങുന്നതോടെ അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ പലതും പുറത്തുവരുന്നു. നായകളും പക്ഷികളും മൃതദേഹാവശിഷ്ടങ്ങള്‍ കടിച്ചുവലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ദിന യാദവ് പറഞ്ഞു. പ്രദേശത്ത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കുവയ്ക്കുന്നു. 

കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പെരുമാറണമെന്നും ഇത്തരം വിഷയങ്ങളില്‍ ഉടന്‍ ഇടപെടണമെന്നും സഞ്ജയ് ശ്രീവാസ്തവ എന്ന മറ്റൊരു നാട്ടുകാരനും സംഭവത്തെക്കുറിച്ച് പ്രതികരിച്ചു. മൃതദേഹങ്ങള്‍ ശരിയായി സംസ്‌കരിക്കാത്തത് സ്ഥിതിഗതികള്‍ ഇനിയും മോശമാക്കുമെന്നും രോഗബാധ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാ‌ട്ടുന്നു. ജനങ്ങള്‍ നിസ്സഹായരാണ്. പലര്‍ക്കും ബന്ധുക്കളുടെ മൃതദേഹം ശരിയായി സംസ്‌കരിക്കുന്നതിനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുകതന്നെ വേണമെന്നും സഞ്ജയ് പറയുന്നു.  ഗംഗാ തീരത്ത് ഇത്തരത്തിലുള്ള കാഴ്ചകള്‍ ഇതുവരെ കണ്ടിട്ടില്ല. ആയിരക്കണത്തിന് മൃതദേഹങ്ങളാണ് ഉള്ളതെന്നാണ് അദ്ദേഹം പറയുന്നത്. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കുന്ന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പ്രദേശത്തെ ശുചിത്വം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ സംഭവത്തെപ്പറ്റി പ്രതികരിക്കാന്‍ ജില്ലാ അധികൃതര്‍ തയ്യാറായില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗംഗയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നതിലും കടുത്ത ആശങ്കയിലാണ് നാട്ടുകാർ. അഴുകിയ മൃതദേഹങ്ങളുടെ ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഭക്തര്‍ പലരും ഗംഗയില്‍ സ്‌നാനം ചെയ്യുന്നത് നിര്‍ത്തിയെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലുണ്ട്.

400 മുതല്‍ 500 വരെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ ഗംഗാ തീരത്തെ മണലില്‍ സംസ്‌കരിച്ചിട്ടുണ്ടെന്ന് കൻവര്‍ജീത് തിവാര്‍ എന്നയാൾ പറഞ്ഞു. നിരവധിപേര്‍ സ്‌നാനം ചെയ്യാന്‍ വന്നിരുന്ന സ്ഥലമാണിത്. എന്നാല്‍ ഇപ്പോള്‍ ഇവിടേക്ക് വരാന്‍ ജനങ്ങള്‍ മടിക്കുന്നു. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടണമെന്ന് കൻവർജീതും ആവശ്യപ്പെട്ടു.

യുപിയിലെ ഉന്നാവ് ജില്ലയിലും ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ പ്രയാഗ്‌രാജില്‍ മണലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം ഉണ്ടായതിന് പിന്നാലെയാണ് മൃതദേഹങ്ങള്‍ ഇത്രയധികം കണ്ടു തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ