ദേശീയം

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ഇന്നു തന്നെ ചര്‍ച്ച നടത്തി ബില്ല് പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതുള്‍പ്പെടെ 25 നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കും. 

കൃഷി നിയമങ്ങള്‍ റദ്ദാക്കല്‍ ബില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ അവതരണം കടക്കിലെടുത്ത് നിര്‍ബന്ധമായും സഭയില്‍ ഉണ്ടായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും കോണ്‍ഗ്രസും എംപിമാര്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. സമരത്തില്‍ മരിച്ച കര്‍ഷകര്‍ക്ക് അനുശോചനം അറിയിച്ച് പ്രമേയം പാസാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചിട്ടുണ്ട്.

പാർലമെന്റ് പ്രക്ഷുബ്ധമാകും

പാര്‍ലമെന്റിലെ തന്ത്രം തീരുമാനിക്കാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്നു രാവിലെ ചേരും. യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. താങ്ങുവിലയ്ക്ക് നിയമസംരക്ഷണം എന്ന ആവശ്യം ഉന്നയിച്ച് രണ്ടു സഭകളിലും പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷം ചര്‍ച്ച ആവശ്യപ്പെട്ടിരിക്കെ ഇരു സഭകളും പ്രക്ഷുബ്ധമാകും. 

വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായേക്കില്ല

കര്‍ഷക സമരവുമായി ബന്ധപ്പെട്ട നിയമം റദ്ദാക്കുക, മിനിമം താങ്ങുവില അടക്കമുള്ള പ്രശ്‌നങ്ങള്‍, ലഖിംപൂര്‍ കേസ്, പെഗാസസ് വിവാദം, ഇന്ധന വില, വിലക്കയറ്റം, ജമ്മു കശ്മീരിന് പൂര്‍ണ സംസ്ഥാന പദവി തിരിച്ചു നല്‍കല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചേക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ് അടക്കം അഞ്ചു നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കാര്യമായ വിട്ടു വീഴ്ചകള്‍ക്ക് തയ്യാറായേക്കില്ല. 

കാർഷിക വളർച്ചയ്ക്ക് കൊണ്ടു വന്നതെന്ന് സർക്കാർ

ബില്ലിൻറെ ലക്ഷ്യങ്ങളിൽ മൂന്നു നിയമങ്ങളും കാർഷിക വളർച്ചയ്ക്ക് കൊണ്ടു വന്നതെന്ന് സർക്കാർ ന്യായീകരിക്കുന്നു. ചെറിയ ഗ്രൂപ്പാണ് എതിർപ്പുയർത്തിയത്. രാജ്യവികസനത്തിൽ എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകാനാണ് നിയമങ്ങൾ പിൻവലിക്കുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു. അതേസമയം നിയമം പിൻവലിക്കേണ്ടി വന്നത് കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ ശൈലിക്കേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. താങ്ങുവിലയ്ക്ക് നിയമസംരക്ഷണം, ഇലക്ട്രിസിറ്റി നിയമം പിൻവലിക്കൽ എന്നീ കർഷകരുടെ ആവശ്യം അംഗീകരിക്കണമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ ആവശ്യപ്പെട്ടു.

നരേന്ദ്രമോദി പങ്കെടുക്കാത്തതില്‍ അതൃപ്തി

ഡിസംബര്‍ 23 ന് അവസാനിക്കുന്ന സമ്മേളനത്തില്‍, കഴിഞ്ഞ സമ്മേളനങ്ങളിലേതു പോലെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചായിരിക്കും നടത്തുക. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ഇത്തവണയും മുന്‍ എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം ഉണ്ടാകില്ലെന്ന് സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. ശീതകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കാത്തതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അതൃപ്തി ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''