ദേശീയം

പ്രിയങ്കയ്ക്ക് പിന്നാലെ അഖിലേഷും കസ്റ്റഡിയില്‍; ബാഗേലിന്റെ വിമാനത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷ നേതാക്കളെ തടഞ്ഞ് യുപി പൊലീസ്, ലഖിംപുരില്‍ ഇന്റര്‍നെറ്റ് നിരോധനം

സമകാലിക മലയാളം ഡെസ്ക്


ലഖ്‌നൗ: കര്‍ഷക സമരത്തിനിടെ അക്രമത്തില്‍ 9പേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ തടഞ്ഞ് ഉത്തര്‍പ്രദേശ് പൊലീസ്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

സംഭവ സ്ഥലം സന്ദര്‍ശിക്കാന്‍ തിരിച്ച അഖിലേഷിനെ വീടിന് മുന്നില്‍ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് അഖിലേഷും സംഘവും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. എസ്പി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് വാഹനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ തീയിട്ടു. ഇതിന് പിന്നാലെ അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ വിമാനത്തിന് ലഖ്‌നൗ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. 

ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്രയെയും പൊലീസ് തടഞ്ഞതായി പാര്‍ട്ടി മേധാവി മായാവതി പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും മായാവതി ആവശ്യപ്പെട്ടു. ഇന്നലെ രാത്രിമുതല്‍ സതീഷ് ചന്ദ്ര മിശ്ര വീട്ടു തടങ്കലില്‍ ആണെന്നും മായാവതി പറഞ്ഞു. 

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു പറഞ്ഞു. ലഖിംപുര്‍ ഖേരിയിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെയും ദീപേന്ദര്‍ സിങ് ഹൂഡയെയും ഇന്ന് വെളുപ്പിന് അഞ്ചുമണിക്കാണ് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ലല്ലു പറഞ്ഞു. 

പ്രധാന പാതകള്‍ എല്ലാം അടച്ചതിനാല്‍ മറ്റു വഴികളിലൂടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സീതാപൂരിലെത്തിയത്. ഇവിടെവെച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലഖിംപുരിന് പുറത്ത് തങ്ങളെ പൊലിസ് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍ പറഞ്ഞു. 

ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത കര്‍ഷകര്‍ക്ക് നേരെ കേന്ദ്രമന്ത്രിയുടെ മകന്‍ ഓടിച്ച വാഹനം പാഞ്ഞു കയറുകയും ഇതിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. സംഭവത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശം കനത്ത പൊലീസ് വലയത്തിലാണ്. നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ്, ജില്ലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി