ദേശീയം

അപേക്ഷിച്ചാല്‍ ഒരു മാസത്തിനകം സഹായധനം; കോവിഡ് നഷ്ടപരിഹാരം 50,000; മാര്‍ഗനിര്‍ദേശത്തിന് അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശം സുപ്രീം കോടതി അംഗീകരിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കുമെന്നാണ് കേന്ദ്രം അറിയിച്ചത്. അപേക്ഷിച്ച് ഒരു മാസത്തിനകം ഈ തുക വിതരണം ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

മരണ സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് എന്നു രേഖപ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടുമാത്രം ഒരാള്‍ക്കും സഹായ ധനം നിഷേധിക്കരുതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷാ, എഎസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. നഷ്ടപരിഹാരം നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കുന്നതിന് വ്യാപകമായി പരസ്യം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് അന്‍പതിനായിരം രൂപ ലഭിക്കും. ഇതിനു പുറമേ സര്‍ക്കാരിനു മറ്റു പദ്ധതികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ സഹായം നല്‍കാം. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍നിന്നാവും സഹായ ധനം നല്‍കുക. 

മരണം കോവിഡ് മൂലമാണെന്ന ഉറപ്പിക്കാന്‍ ജില്ലാ തലത്തില്‍ സംവിധാനം വേണം. ജില്ലാതലത്തിലുള്ള സമിതിയുടെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം