ദേശീയം

കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റി, നാലുമാസത്തിനകം രോഗി മരിച്ചു; ആശുപത്രി 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, കോടതി ഉത്തരവ് 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ ശസ്ത്രക്രിയയിലൂടെ മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റി രോഗി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മരിച്ച രോഗിയുടെ കുടുംബത്തിന് 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിയോടാണ് കോടതി ആവശ്യപ്പെട്ടത്. വൃക്ക നീക്കം ചെയ്ത് നാലുമാസം കഴിഞ്ഞപ്പോള്‍ രോഗി മരിക്കുകയും ചെയ്തു.

ഖേദ ജില്ലയില്‍ താമസിച്ചിരുന്ന ദേവേന്ദ്രഭായ് റാവലാണ് ചികിത്സയിലെ പിഴവ് മൂലം മരിച്ചത്. 2011ലാണ് റാവല്‍ കടുത്ത പുറംവേദനയും മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ടുമായി  കെഎംജി ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയെത്തിയത്. പരിശോധനയില്‍ ഇടത് വൃക്കയില്‍ 14 മില്ലിമീറ്റര്‍ വലിപ്പമുള്ള കല്ല് കണ്ടെത്തി. കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനും നിര്‍ദേശിച്ചു.

ചികിത്സാ പിഴവ്

ഇതനുസരിച്ച് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്. കല്ലിന് പകരം വൃക്ക നീക്കം ചെയ്തതായി ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞു. രോഗിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് വൃക്ക നീക്കം ചെയ്തതെന്നും ഡോക്ടര്‍ വാദിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷവും മൂത്രം ഒഴിക്കുന്നതിന് റാവലിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 2012 ല്‍ റാവലിന് മരണം സംഭവിക്കുകയായിരുന്നു.

ഇടത് വൃക്കയില്‍ 14 മില്ലിമീറ്റര്‍ വലിപ്പമുള്ള കല്ല്

ഡോക്ടറുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച മൂലമാണ് റാവലിന് മരണം സംഭവിച്ചതെന്ന നിഗമനത്തില്‍ വീട്ടുകാര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയും ഇന്‍ഷുറന്‍സ് കമ്പനിയും നഷ്ടപരിഹാരമായി 11.23 ലക്ഷം രൂപ റാവലിന്റെ ഭാര്യയ്ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. ഇതിനെ ചോദ്യം ചെയ്ത് ഇന്‍ഷുറന്‍സ് കമ്പനിയും ആശുപത്രിയും സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കായി ആശുപത്രി ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ടെങ്കിലും രോഗി മരിക്കാന്‍ കാരണം ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയോട് മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന

'ട്രെയിനിലിരുന്ന് ഒരു മഹാൻ സിനിമ കാണുകയാണ്, ഇതൊരു താക്കീതാണ്'; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന