ദേശീയം

നാല് വര്‍ഷത്തിന് ശേഷം ആഗ്രഹിക്കുന്ന മേഖലയില്‍ ജോലി; മൂന്നിരട്ടി നിയമനം: അഗ്നിപഥില്‍ വിശദീകരണവുമായി കേന്ദ്രം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിപഥ് സൈനിക റിക്രൂട്ടിങ് പദ്ധതിക്ക് എതിരെ പ്രതിഷേധം കനക്കുമ്പോള്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. യുവാക്കള്‍ക്ക്  തൊഴില്‍ അവസരം കുറയുമെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തൊഴില്‍ അവസരങ്ങള്‍ കൂടുകയാണ് ചെയ്യുകയെന്നും നിലവിലെ നിയമനങ്ങളെക്കാള്‍ മൂന്നിരട്ടി നിയമനം നടത്തുമെന്നും കേന്ദ്രം പറയുന്നു. ഉദ്യോഗാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആവില്ല. നാല് വര്‍ഷത്തിന് ശേഷം അവര്‍ ആഗ്രഹിക്കുന്ന മേഖലയിലേക്ക് മാറാന്‍ അവസരം ഒരുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു. 

അഗ്നിപഥ് പദ്ധതിയെ ന്യായീകരിച്ച് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. പല രാജ്യങ്ങളും സമാനമായ നിയമനം സൈന്യത്തില്‍ നടത്തുന്നുണ്ടെന്നും രണ്ട് വര്‍ഷത്തോളം നീണ്ട കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും കേന്ദ്രം പറഞ്ഞിരുന്നു. 

അതേസമയം പദ്ധതിക്കെതിരെ പ്രതിഷേധം തുടരുകയാണ്. ബിഹാറിന് പുറമെ ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ്. ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവെച്ചു.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 22 ട്രെയിനുകളുടെ സര്‍വീസ് റദ്ദാക്കി. അഞ്ചു ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബിഹാറിലെ നവാഡയില്‍ ബിജെപി എംഎല്‍എ അരുണാ ദേവിയുടെ വാഹനം തകര്‍ത്തു. കല്ലേറില്‍ എംഎല്‍എ അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നവാഡയിലെ ബിജെപി ഓഫീസ് സമരക്കാര്‍ അടിച്ചു തകര്‍ത്തു.

ഭാഭുവ റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കോച്ചിന് തീവെക്കുകയും ചെയ്തു. കൈമൂര്‍, ചപ്ര എന്നിവിടങ്ങളിലും സമരക്കാര്‍ ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും സമരക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിക്കുകയും, പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ജഹാനാബാദില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു.

നവാഡയില്‍ ഉദ്യോഗാര്‍ത്ഥികള്‍ അഗ്‌നിപഥ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്, റോഡുകള്‍ ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. റെയില്‍റോഡ് ഗതാഗതം ബിഹാറില്‍ സ്തംഭിച്ചിരിക്കുകയാണ്. ബിഹാറില്‍ രണ്ടാംദിവസവും എട്ടു ജില്ലകളില്‍ പ്രതിഷേധം രൂക്ഷമാണ്. ബിഹാറിലെ ചപ്രയില്‍ കുറുവടികളുമായി തെരുവിലിറങ്ങിയ സമരക്കാര്‍ ബസ് തല്ലിത്തകര്‍ത്തു. ഹരിയാനയിലെ പല്‍വാലയില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു.

കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. അഗ്‌നിപഥ് പദ്ധതി ഇന്ത്യയുടെ ദേശീയ സുരക്ഷയെ അപമാനിക്കുന്നു. ഒരു തൊഴില്‍ സുരക്ഷിതത്വവുമില്ലാതെ യുവാക്കളോട് പരമമായ ത്യാഗം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമാണ്. സാധാരണ സൈനിക റിക്രൂട്ട്‌മെന്റ് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും യെച്ചൂരി പറഞ്ഞു.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബിഎസ്പി അധ്യക്ഷ മായാവതി തുടങ്ങിയവരും അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതിയെ വിമര്‍ശിച്ച് ബിജെപി എംപി വരുണ്‍ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി