ദേശീയം

മാസ്‌കും സാമൂഹ്യ അകലവും തുടരണം; മറ്റ് കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു വര്‍ഷമായി തുടരുന്ന കോവിഡ് നിയന്ത്രണ നടപടികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും തുടരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് 24ന് ഏര്‍പ്പെടുത്തിയ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിക്കുന്നത്. ഈ ഉത്തരവ് പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പലവട്ടം പുതുക്കിയിരുന്നു. അവസാനം പുതുക്കി ഇറക്കിയ ഉത്തരവിന്റെ കാലാവധി ഈ 31ന് അവസാനിക്കുകയാണ്. ഇനി പുതിയ ഉത്തരവ് ഇറക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യ്ക്തമാക്കി.

കഴിഞ്ഞ ഇരുപത്തിനാലു മാസമായി തുടരുന്ന നിയന്ത്രണങ്ങള്‍ കോവിഡിനെതിരായ പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. ജനങ്ങള്‍ ഇപ്പോള്‍ കോവിഡിനെക്കുറിച്ച് കൂടുതല്‍ അവബോധം നേടിയിട്ടുണ്ട്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വന്തമായ കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ രൂപപ്പെടുത്തിയെടുത്തിട്ടുമുണ്ട്. കഴിഞ്ഞ ഏഴ് ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണനീയമായ കുറവു വന്നിട്ടുണ്ട്. നിലവില്‍ 23,913 പേരാണ് രോഗബാധിതരായി ചികിത്സയില്‍ ഉള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറി നിരക്ക് 0.28 ശതമാനമാണ്. വാക്‌സിന്‍ വിതരണവും ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ്. 

അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കത്തില്‍ പറയുന്നു. മാസ്‌ക്, സാമൂഹ്യ അകലം, കൈകളുടെ വൃത്തി തുടങ്ങിയവ തുടരണം. കോവിഡിന്റെ സവിശേഷത കണക്കിലെടുത്ത് ജനങ്ങള്‍ തുടര്‍ന്നും ജാഗ്രതയോടെയിരിക്കണം. കേസുകള്‍ വര്‍ധിക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ സംസ്ഥാനങ്ങള്‍ക്കു സ്വന്തം നിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കത്തില്‍ വയ്ക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന