ദേശീയം

'ഗാന്ധി കുടുംബത്തിന് ബാധകമല്ല'; ഒരു കുടുംബത്തിന് ഒരു സീറ്റ്: കോണ്‍ഗ്രസില്‍ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി: ഒരു കുടുംബത്തിന് ഒരു സീറ്റ് എന്ന മാനദണ്ഡം കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ചയാകുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിര്‍ദേശം ചര്‍ച്ച ചെയ്തതായാണ് വിവരം.

ഒരു കുടുംബത്തിന് ഒരു സീറ്റെന്ന മാനദണ്ഡം ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാവുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചിന്തന്‍ ശിബിരത്തിലും തുടര്‍ന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും നിര്‍ദേശത്തിന് അംഗീകാരം നല്‍കിയാലും ഗാന്ധി കുടുംബത്തിന് ബാധകമാക്കില്ലെന്ന് നേതാക്കള്‍ പറയുന്നു.

കുടുംബ പാര്‍ട്ടിയെന്ന ബിജെപിയുടെ ആരോപണം മറികടക്കാനാണ് കോണ്‍ഗ്രസ് നീക്കം. കൂട്ടായ തീരുമാനമുണ്ടാവുന്നില്ലെന്ന വിമര്‍ശനം മറികടക്കാന്‍ പാര്‍ലമെന്ററി ബോര്‍ഡ് പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെ നിര്‍ണായക മാറ്റങ്ങളുണ്ടാവുമെന്നാണ് സൂചന. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപവത്കരിക്കാനും അതിലൂടെ വിദ്വേഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാനുമുള്ള നീക്കങ്ങള്‍ ആരംഭിക്കാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചു. ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്ന വര്‍ഗീയ അജണ്ടകളില്‍ വീണുപോവാതെ തൊഴിലില്ലായ്മ, അവശ്യസാധനങ്ങളുടെ വിലവര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാക്കണമെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്.

ഒരു ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കും. പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി പരിശീലന സ്ഥാപനം തുടങ്ങാനും പാര്‍ട്ടി തീരുമാനിച്ചതായാണ് വിവരം.

പാര്‍ട്ടി പദവികളില്‍ പകുതി 50 വയസ്സിന് താഴെയുള്ള യുവനേതാക്കളെ പരിഗണിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, 2008ല്‍ കര്‍ണാടകയില്‍ നടപ്പാക്കിയ ഒരു കുടുംബത്തിന് ഒരു സീറ്റ് മാനദണ്ഡം പാര്‍ട്ടിക്ക് പ്രതികൂലമായെന്ന വിലയിരുത്തലിലാണ് ഒരു വിഭാഗം നേതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു