ദേശീയം

ശമിക്കാതെ മഴ, കെടുതിയിൽ വലഞ്ഞ് ഉത്തരേന്ത്യ; കര കവിഞ്ഞൊഴുകി നദികൾ; ഡൽഹിയില‍ും ഹരിയാനയിലും പ്രളയ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വൻ നാശം വിതച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. നദികളെല്ലാം കരകവിഞ്ഞു ഒഴുകുകയാണ്. വിവിധ സംസ്ഥാനങ്ങൾ ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹരിയാന, ഡൽഹി സംസ്ഥാനങ്ങളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമുണ്ട്. പ്രളയ സാഹചര്യം നിരീക്ഷിക്കുന്നതിന് ഡല്‍ഹിയില്‍ 16 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 

യമുനാ നദി അപകടനിലയും പിന്നിട്ടാണ് ഒഴുകുന്നത്. ഡൽഹി മുൻസിപ്പൽ കോർപറേഷനിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. 40 വർഷത്തിനിടെ ഒറ്റ ദിവസം ലഭിക്കുന്ന ഏറ്റവും ശക്തമായ മഴയാണ് ഇന്ന് ഡൽഹിയിൽ പെയ്തിറങ്ങിയത്. 

ഡൽഹി, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് മഴക്കെടുതി രൂക്ഷമായി തുടരുന്നത്. ​രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലും കനത്ത മഴയില്‍ ജനജീവിതം തടസ്സപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി.

ഹിമാചലിൽ ബിയാസ് നദി കരകവിഞ്ഞു ഒഴുകുകയാണ്. നദിയുടെ കരയിലുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. കനത്ത മഴയും മണ്ണിടിച്ചിലും മിന്നൽ പ്രളയവും സംഹാര താണ്ഡവമാടിയ ഹിമാലയൻ മേഖലയിൽ മാത്രം 22 പേരാണ് മരിച്ചത്. 

ഹിമാചല്‍ പ്രദേശിലാണ് ഏറ്റവുമധികം നാശനഷ്ടം ഉണ്ടായത്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ജന ജീവിതത്തെ സാരമായി ബാധിച്ചു. വാഹനങ്ങളും കടകളും ഒലിച്ചുപോയി. കുത്തിയൊലിച്ചുവന്ന പ്രളയ ജലത്തില്‍ വീട് ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. 

രവി, ബിയാസ്, സത്‌ലജ്, ചെനാബ് നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. മണ്ടിയിലെ തുംഗയില്‍ വീട് ഒലിച്ചുപോകുന്നതിന്റെയും നഗരത്തിലൂടെ കുത്തിയൊലിച്ച് പ്രളയജലം ഒഴുകുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സോളനില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. 135 മില്ലിമീറ്റര്‍ മഴയാണ് ഞായറാഴ്ച പെയ്തത്. 1971ലെ 105മില്ലിമീറ്റര്‍ മഴയാണ് പഴങ്കഥയായത്.

ഉത്തരാഖണ്ഡിലും സമാനമായ നിലയില്‍ മിന്നല്‍ പ്രളയം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ കത്തുവ, സാംബ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലും കനത്തമഴയാണ് തുടരുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. നാളെ ദേശീയ പാത 44ലൂടെയുള്ള ​ഗതാ​ഗതം നിരോധിച്ചു. ജമ്മുവിൽ നിന്നു ശ്രീന​ഗറിലേക്ക് പോകുന്ന വാഹനങ്ങൾ മു​ഗൾ റോഡ് വഴി തിരിഞ്ഞു പോകണമെന്ന് ജമ്മു പൊലീസ് നിർദ്ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഫഹദ് ഫാസിലും ജീത്തു ജോസഫും ഒന്നിക്കുന്നു: ആവേശത്തിൽ ആരാധകർ

കർശനമായ ഭക്ഷണക്രമം, രണ്ടാഴ്ച കൊണ്ട് കുറച്ചത് 10 കിലോ; കുറിപ്പുമായി പാർവതി

തലസ്ഥാനത്ത് ശക്തമായ മഴ; ഒരു മണിക്കൂറില്‍ പെയ്തത് 52 മില്ലിമീറ്റര്‍, താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍