നിതീഷ് കുമാർ ​ഗവർണർക്കൊപ്പം
നിതീഷ് കുമാർ ​ഗവർണർക്കൊപ്പം പിടിഐ
ദേശീയം

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; അവകാശവാദം ഉന്നയിച്ച് ഗവര്‍ണര്‍ക്ക് കത്ത്; നിതീഷിന്റെ സത്യപ്രതിജ്ഞ വൈകീട്ട് അഞ്ചിന് ?

സമകാലിക മലയാളം ഡെസ്ക്

പട്‌ന: നിതീഷ് കുമാറിനെ ബിഹാറിലെ എന്‍ഡിഎ നേതാവായി തെരഞ്ഞെടുത്തു. ഗവര്‍ണറെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. സഖ്യത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടികയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സമര്‍പ്പിച്ചു.

ബിജെപി-ജെഡിയു- ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച എന്നിവരുടെ എംഎല്‍എമാര്‍ അടക്കം 128 പേരുടെ പട്ടികയാണ് ഗവര്‍ണര്‍ക്ക് കൈമാറിയത്. സഖ്യത്തിന് 127 എംഎല്‍എമാരാണുള്ളത്. ഒരു സ്വതന്ത്രനും സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പട്‌നയിലെത്തുന്നുണ്ട്.

വൈകീട്ട് പട്‌നയിലെത്തുന്ന നഡ്ഡ മുതിര്‍ന്ന ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും. രണ്ട് ഉപമുഖ്യമന്ത്രി പദവിയും സ്പീക്കര്‍ പദവിയും ബിജെപിക്ക് നല്‍കാന്‍ ജെഡിയു സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയില്‍ ബിജെപിക്ക് കൂടുതല്‍ മന്ത്രിപദവികളും നല്‍കുമെന്നാണ് വിവരം. ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എംഎല്‍എമാരുടെ യോഗം പ്രമേയം പാസ്സാക്കി.

സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍കുമാര്‍ മോഡി മന്ത്രിസഭയില്‍ ഉണ്ടായേക്കില്ല. മോഡിയെ ഉപമുഖ്യമന്ത്രിയാക്കണമെന്നായിരുന്നു നിതീഷിന്റെ ആഗ്രഹം. എന്നാല്‍ പട്‌നയില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സമ്രാട്ട് ചൗധരിയെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

ഏകകണ്ഠമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അടുത്ത അനുയായിയാണ് സമ്രാട്ട് ചൗധരി. വിജയ് സിന്‍ഹയെ ഉപനേതാവായും തെരഞ്ഞെടുത്തിട്ടുണ്ട്. ഇരുവരും ഉപമുഖ്യമന്ത്രിമാര്‍ ആയേക്കുമെന്നാണ് സൂചന. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയുടെ സാന്നിധ്യത്തിലാണ് ബിജെപി നിയമസഭാകക്ഷിയോഗം ചേര്‍ന്നത്.

ഒൻപതാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതു നാലാം തവണയാണ് നിതീഷ് കുമാര്‍ രാഷ്ട്രീയ ചേരി മാറുന്നത്. 2014 ൽ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി. എന്നാൽ ജെഡിയുവിലെ ആഭ്യന്തരപ്രശ്നം മൂലം രാജിവെച്ചു. തുടർന്ന് 2015 ൽ ആർജെഡി, കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ മുഖ്യമന്ത്രി പദത്തിലേറി.

2017 ൽ രാജിവെച്ച നിതീഷ് കുമാർ, തുടർന്ന് ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായി. 2022 ൽ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായിരിക്കെ ആ സഖ്യം വിട്ടു. തുടർന്ന് ആർജെഡി, കോൺഗ്രസ് പിന്തുണയോടെ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി. ഇപ്പോൾ കോൺ​ഗ്രസ്-ആർജെഡി സഖ്യം ഉപേക്ഷിച്ച് വീണ്ടും ബിജെപി ക്യാമ്പിലേക്ക് ചേക്കേറുകയാണ് നിതീഷ് കുമാറും ജെഡിയുവും.

243 അംഗങ്ങളുള്ള ബിഹാര്‍ നിയമസഭയില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് 78 എംഎല്‍എമാരുണ്ട്. ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐ9 എംഎല്‍) 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍)4, സിപിഐ 2, സിപിഎം2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഒരു സീറ്റില്‍ സ്വതന്ത്രനാണ്. കേവല ഭൂരിപക്ഷത്തിന് 122 സീറ്റാണ് വേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍