ധനകാര്യം

വിദേശ വാഹനങ്ങള്‍ ഇനി ഇന്ത്യന്‍ നിരത്തിലുടെ 'പറപറക്കും'; ഇറക്കുമതി നിയന്ത്രണം എടുത്തുകളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശ നിര്‍മ്മിത വാഹനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ വിജ്ഞാപനപ്രകാരം വാഹനനിര്‍മ്മാതാക്കള്‍ക്കും, അവരുടെ പ്രതിനിധികള്‍ക്കും എന്‍ജിന്‍ ശേഷി, വില എന്നിവ കണക്കിലെടുക്കാതെ തന്നെ വിദേശനിര്‍മ്മിത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയും. 

നിലവില്‍ വിദേശനിര്‍മ്മിത വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിരവധി കടമ്പകള്‍ കടക്കണം. രാജ്യത്തിന്റെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഇതില്‍ ഇളവ് അനുവദിക്കണമെന്നത് നീണ്ടക്കാലത്തെ ആവശ്യമാണ്. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. എന്നാല്‍ വിദേശനിര്‍മ്മിത വാഹനങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു എന്ന പ്രതീതി ജനിപ്പിക്കാതിരിക്കാന്‍ ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് മോട്ടോര്‍വാഹനവകുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

ഈ രംഗത്തെ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു കമ്പനിയ്ക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും. വര്‍ഷം 2500 വാഹനങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുക. ബൈക്കിനും കാറിനും ഈ വ്യവസ്ഥ ബാധകമാണ്. ബസ്, ട്രക്ക് എന്നിവയ്ക്കും നിയന്ത്രണമുണ്ട്. പ്രതിവര്‍ഷം 500 എണ്ണം വീതം മാത്രമേ ഇറക്കുമതി ചെയ്യാന്‍ സാധിക്കൂ.കൂടാതെ വലതുവശം സ്റ്റിയറിംഗ് ഉളള വാഹനങ്ങള്‍ ആയിരിക്കണമെന്ന നിബന്ധനയും ചട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 28 ലക്ഷത്തിന് മുകളിലുളള നാലുചക്ര വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് അനുമതിയുളളത്. 800സിസിയും അതിന് മുകളിലുമുളള ബൈക്കുകള്‍ ഇറക്കുമതി ചെയ്യാനും തടസമുണ്ടായിരുന്നില്ല.എന്നാല്‍ പുതിയ ചട്ടപ്രകാരം എല്ലാ വാഹനങ്ങളും ഇറക്കുമതി ചെയ്യാം. എന്നാല്‍ ഇറക്കുമതിയ്ക്ക് ചുമത്തുന്ന തീരുവകള്‍ എല്ലാം അതുപോലെ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയ്ക്ക് പുതിയ തീരുമാനം സഹായകരമാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. കൂടാതെ ആഭ്യന്തര ഉല്‍പ്പാദനരംഗത്തും ഇത് ഉണര്‍വ് പകരും. നിസാന്‍, ടോയോട്ട, മെഴ്‌സിഡസ്, ബിഎംഡബ്ലൂ തുടങ്ങിയ കാര്‍നിര്‍മ്മാതാക്കളുടെ പുതിയ ഉല്‍പ്പനങ്ങള്‍ ഇന്ത്യന്‍ നിരത്തില്‍ അവതരിപ്പിക്കാന്‍ പുതിയ തീരുമാനം വഴിത്തെളിയിക്കുമെന്ന് മേഖലയിലുളളവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം